ഗുരുദ്വാരയില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം കവര്‍ന്ന കേസിലെ പ്രതി ജയിലില്‍ കൊല്ലപ്പെട്ടു; പഞ്ചാബില്‍ സംഘര്‍ഷാവസ്ഥ

Posted on: June 23, 2019 10:58 am | Last updated: June 23, 2019 at 3:37 pm

പാട്യാല: പഞ്ചാബില്‍ ഗുരുദ്വാരയില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയായ സേരാ സച്ചാ സൗദ ഗ്രൂപ്പിന്റെ പ്രവര്‍ത്തകന്‍ ജയിലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൊട്കാപുര ദേര മേഖലയില്‍ സംഘര്‍ഷാവസ്ഥ. ഗുരുദ്വാരയില്‍ നിന്ന് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് കവര്‍ന്ന കേസില്‍ പാട്യാലയിലെ ന്യൂ നാബ ജയിലിലായിരുന്ന മഹീന്ദ്രപാല്‍ ബിട്ടുവിനെയാണ് ശനിയാഴ്ച സഹ തടവുകാരായ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ബിട്ടുവിന്റെ മൃതദേഹം കൊണ്ടുവരുന്ന സ്ഥലത്ത് ദേരാ സച്ചാ പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പാട്യാലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കൊട്കാപുര മേഖലയില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ജയിലധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും ജയില്‍ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, രണ്ട് വാര്‍ഡന്മാര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും ജയില്‍ വകുപ്പ് മന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു.

ജയിലിലെ കൊലപാതകം അന്വേഷിക്കാനും സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിയുടെ തലവനായ എ ഡി ജി പി. രോഹിത് ചൗധരിയോട് ആവശ്യപ്പെട്ടു. കിംവദന്തികള്‍ വിശ്വസിക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി എല്ലാ സമുദായങ്ങളോടും അഭ്യര്‍ഥിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് 5.15ഓടെയാണ് ഫരീദ്‌കോട്ട് നിവാസിയും 49കാരനുമായ ബിട്ടുവിനെ സഹ തടവുകാര്‍ ആക്രമിച്ചത്. ബിട്ടുവിനെ നാബയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കൊലപാതകക്കേസില്‍ പ്രതികളായ ഗുരുസേവക് സിംഗ്, മനീന്ദര്‍ സിംഗ് എന്നിവരാണ് ബിട്ടുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൂന്നു വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം കവര്‍ന്ന കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബിട്ടുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഒരു മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും മതാനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റാം സിംഗിന്റെ വിശ്വസ്തനായാണ് ബിട്ടു അറിയപ്പെടുന്നത്.