ജയ് ശ്രീറാം വിളിക്കാത്തതിന് മദ്‌റസാ അധ്യാപകന് മർദനം

Posted on: June 22, 2019 8:01 pm | Last updated: June 23, 2019 at 4:05 pm


ന്യൂഡൽഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്‌റസാ അധ്യാപകനു നേരെ ആക്രമണം. ഡൽഹിയിലെ രോഹിണിലാണ്‌ സംഭവം. രോഹിണി സെക്ടർ 20ലെ മദ്‌റസയിൽ പഠിപ്പിക്കുന്ന മൗലാന മുഅ്മിൻ (40) ആണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ് ഇയാൾ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു.

വൈകീട്ട് പുറത്തിറങ്ങിയ മുഅ്മിൻ തിരിച്ച് പള്ളിയിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് കാറിലെത്തിയ സംഘം തന്നെ അടുത്തേക്ക് വിളിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം. ‘മൂന്ന് പേർ എന്റെ അടുത്തേക്ക് വന്ന് നേരെ കൈനീട്ടി. ഞാൻ അവരെ തിരിച്ചും അഭിവാദനം ചെയ്തു. ശേഷം അവർ എന്നോട് വിശേഷങ്ങൾ ചോദിച്ചപ്പോൾ ഞാൻ അല്ലാഹുവിന്റെ കൃപ കൊണ്ട് എല്ലാം നന്നായി പോകുന്നുവെന്ന് പറഞ്ഞു.

പെട്ടെന്ന് അവർ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഞാൻ അത് നിരസിക്കുകയും നടന്നുപോകുകയും ചെയ്തപ്പോൾ എന്റെ മേൽ വാഹനമിടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ചുപോയി, നിലത്തുവീണതോടെ അബോധാവസ്ഥയിലായി’ മുഅ്മീൻ പരാതിയിൽ പറയുന്നു. കാറിൽ ജയ് ശ്രീറാം എന്ന് എഴുതിയിരുന്നുവെന്നും മദ്‌റസാ അധ്യപകൻ പറഞ്ഞു. മുപ്പത് വയസ്സിനോട് അടുത്തുള്ളവരാണ് അക്രമികൾ.

ബോധരഹിതനായ ഇദ്ദേഹത്തെ വഴി യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ തലക്കും മുഖത്തും കൈയ്ക്കും പരുക്കേറ്റു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 337 (ജീവഹാനിക്ക് കാരണമായേക്കാവുന്ന മുറിവേൽപ്പിക്കൽ), സെക്ഷൻ 279 (അശ്രദ്ധമായ ഡ്രൈവിംഗ്) എന്നിവയനുസരിച്ചാണ് കേസെടുത്തത്. സി സി ടി വി ക്യാമറ പരിശോധിച്ച് സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.