ബലാത്സംഗം; കോടതിയില്‍ കീഴടങ്ങിയ ബി എസ് പി എം പി. അതുല്‍ റായ് റിമാന്‍ഡില്‍

Posted on: June 22, 2019 9:37 pm | Last updated: June 23, 2019 at 9:52 am

വാരണാസി: യു പിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ ബഹുജന്‍ സമാജ് പാര്‍ട്ടി എം പി. അതുല്‍ റായ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. റായിയെ ജഡ്ജി അശുതോഷ് തിവാരി പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ ജയിലിലേക്കു കൊണ്ടുപോയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഏപ്രിലില്‍ നാമനിര്‍ദേശ പത്രിക നല്‍കിയ റായിക്കെതിരെ ഓരാഴ്ചക്കു ശേഷം ബല്ലിയ സ്വദേശിയായ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. തന്നെ പലതവണ പീഡിപ്പിച്ച റായ് പീഡന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ചില്‍ ഭാര്യയെ പരിചയപ്പെടുത്താനെന്ന വ്യാജേന വാരണാസിയിലെ ചിത്തൈപൂരിലുള്ള ഫ്‌ളാറ്റിലേക്ക് റായ് വിളിച്ചു വരുത്തുകയും അവിടെ വച്ച് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ വീഡിയോ കാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പല തവണ പീഡിപ്പിച്ചു.

പരാതിയെ തുടര്‍ന്ന് മുങ്ങിയ റായി ഒളിവിലാണെന്ന് മെയ് 20ന് പ്രാദേശിക കോടതി സ്ഥിരീകരിച്ചു. പിന്നീട് റായിയുടെ വാരണാസിയിലെയും ബിര്‍പൂരിലെയും വസതികളില്‍ പോലീസ് നോട്ടീസ് പതിച്ചു. ജൂണ്‍ 16 ന് തുടങ്ങുന്ന ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ് എത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന് യു പി പോലീസ് ഡല്‍ഹി പോലീസിനോട് അഭ്യര്‍ഥിച്ചിരുന്നു.

ഗോസി സീറ്റില്‍ മത്സരിക്കുന്നതിന് പത്രിക നല്‍കിയ റായിക്കെതിരെ 13 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയിട്ടും റായ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി ബി ജെ പിയിലെ ഹരിനാരായണ്‍ രാജ്ബറിനെയാണ് പരാജയപ്പെടുത്തിയത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റായിയും കൂട്ടാളികളും തന്നെയും കുടുംബത്തെയും പ്രധാന സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നതായി ജൂണ്‍ 12ന് പരാതിക്കാരി ആരോപിച്ചിരുന്നു.