മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികള്‍ മരിച്ച ആശുപത്രി പരിസരത്ത് മനുഷ്യാസ്ഥികൂടങ്ങള്‍; അന്വേഷണം തുടങ്ങി

Posted on: June 22, 2019 7:52 pm | Last updated: June 23, 2019 at 9:30 am

പാറ്റ്‌ന: ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 108 കുട്ടികള്‍ മരിച്ച മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് (എസ് കെ എം സി എച്ച്) ആശുപത്രി പരിസരത്തു നിന്ന് മനുഷ്യന്റെ തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തി. ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം വിഭാഗത്തില്‍ നിന്ന് പുറന്തള്ളിയതാവാം ഇവയെന്നാണ് ആശുപത്രി സൂപ്രണ്ട് എസ് കെ ഷാഹി പറയുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ മാനുഷിക സമീപനത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം ഡിപ്പാര്‍ട്ട്‌മെന്റ് കോളജ് പ്രിന്‍സിപ്പലിന്റെ കീഴില്‍ വരുന്നതാണെന്നും പ്രിന്‍സിപ്പലുമായി സംസാരിച്ച് വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെടുമെന്നും ഷാഹി പറഞ്ഞു.

അതിനിടെ, അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രിക്കു പിന്നില്‍ വച്ചു കത്തിച്ചതായി കണ്ടെത്തിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ചികിത്സക്കിടെ 108 വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വ്യാപക വിമര്‍ശനം നേരിടുന്ന ആശുപത്രിക്ക് പുതിയ സംഭവം മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്.