288 കായികാധ്യാപകർക്ക് ഫുട്‌ബോൾ പരിശീലനം

Posted on: June 22, 2019 8:09 am | Last updated: June 22, 2019 at 11:09 am


തിരുവനന്തപുരം: പ്രീമിയർ ലീഗും ബ്രിട്ടീഷ് കൗൺസിലും ചേർന്ന് വിജയകരമായി സംഘടിപ്പിച്ച പ്രീമിയർ സ്‌കിൽസിന്റെ തുടർച്ചയായി സംസ്ഥാനത്തെ കായികാധ്യാപകർക്ക് പരിശീലനം നൽകാൻ ബ്രിട്ടീഷ് കൗൺസിൽ. ആദ്യഘട്ടത്തിൽ മൂന്ന് ജില്ലകളിലെ 288 അധ്യാപകർക്ക് ഫുട്‌ബോളിൽ പരിശീലനം നൽകും.

പരിശീലന പരിപാടി ജൂലൈ 31 വരെ നീണ്ടു നിൽക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ബ്രിട്ടീഷ് കൗൺസിലും കേരള സർക്കാരും ഒപ്പു വെച്ചു. ബ്രിട്ടിഷ് കൗൺസിൽ ഇന്ത്യ ഡയറക്ടർ സൗത്ത് ജനക പുഷ്പനാഥൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാൻ, ജനറൽ എജ്യുക്കേഷൻ ഡയറക്ടർ ജീവൻബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഫുട്‌ബോൾ പരിശീലനം.

ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ പങ്കാളിത്തത്തോടെയായിരിക്കും പരിപാടി. പ്രീമിയർ സ്‌കിൽസ് കോച്ച് ദീപക് സി എം ശഫീഖ് ഹസൻ, മറ്റ് നാല് സർട്ടിഫൈഡ് കോച്ചുകൾ എന്നിവർ പരിശീനത്തിനു നേതൃത്വം നൽകും. ഫുട്‌ബോൾ പരിശീലനത്തിലെ ലോകോത്തര പാടവമായിരിക്കും ലഭ്യമാക്കുക.

പരിശീലനം ലഭിച്ച കായികാധ്യാപകരിൽ നിന്ന് 300,000-ലേറെ വിദ്യാർഥികൾക്ക് ഫുട്‌ബോൾ പരിശീലനം ലഭിക്കും. കൂടുതൽ വനിതാപ്രാതിനിധ്യവും ലക്ഷ്യമിടുന്നു. പ്രൊഫഷനൽ സ്‌കിൽസ്, ടീം വർക്ക്, സ്വാശ്രയം, ആത്മവിശ്വാസം എന്നിവ വനിതകളിൽ വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ സഹായകമാണ്. പ്രീമിയർ സ്‌കിൽസ് പ്രോഗ്രാം തങ്ങൾ ഉറ്റുനോക്കിയിരിക്കുകയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ ക്ലാസുകളിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ടീം വർക്കും അച്ചടക്കവും നേതൃഗുണങ്ങളും പഠിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു. കേരളത്തിൽ ഫുട്‌ബോൾ ഒരു അഭിനിവേശമാണെന്ന് ബ്രിട്ടീഷ് കൗൺസിൽ സൗത്ത് ഇന്ത്യ ഡയറക്ടർ ജനക പുഷ്പനാഥൻ പറഞ്ഞു.

കുരുന്നു പ്രായം മുതൽ ഫുട്‌ബോൾ പരിശീലിപ്പിക്കാൻ പ്രീമിയർ സ്‌കിൽസിനു കഴിയും എന്നും അവർ പറഞ്ഞു. സംസ്ഥാന സർക്കാരുമായി ഈ പരിപാടിയിൽ പങ്കാളികളാകുന്നതിൽ തങ്ങൾക്ക് തികച്ചും അഭിമാനമുണ്ടെന്ന് അവർ വ്യക്തമാക്കി. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഗ്രാസ് റൂട്ട് തലം മുതൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും അവർ അറിയിച്ചു.