Connect with us

Business

ചരിത്രമെഴുതി സ്വർണവില

Published

|

Last Updated

തിരുവനന്തപുരം: പവന് കാൽ ലക്ഷവും കടന്ന് മഞ്ഞലോഹം പുതിയ ചരിത്ര വിലയിൽ. പവന് കഴിഞ്ഞ ദിവസം 320 രൂപ വർധിച്ചാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. ഒരു പവന് 25,200 രൂപയും ഗ്രാമിന് 3,150 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറാണ് ഇന്നലത്തെ നിരക്ക്. 60.70 ഡോളറാണ് ഇന്നലെ മാത്രം ഉയർന്നത്. പവന് 25,160 രൂപയായിരുന്നു നിലവിലെ ഏറ്റവും ഉയർന്ന വില.

കഴിഞ്ഞ മൂന്നിനാണ് പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്- 24,080 രൂപ. തുടർന്ന് 17 ദിവസത്തിനിപ്പുറം 1,360 രൂപ വർധിച്ചാണ് മഞ്ഞലോഹം മോഹ വിലയിലെത്തി നിൽക്കുന്നത്.

അമേരിക്കയുടെ കേന്ദ്ര ബേങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണവില കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം ചേർന്ന യു എസ് ഫെഡറൽ റിസർവിന്റെ അവലോകന യോഗത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നില്ലെങ്കിലും അടുത്ത മാസം പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണ വിലയെ സ്വാധീനിച്ചത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്നുൾപ്പെടെ സ്വർണത്തിലേക്ക് കൂടുതലായി മാറി.

ഇതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷം യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങുന്നതും സ്വർണവില ഉയർത്തിയേക്കും. ഡോളറുമായുളള രൂപയുടെ വിനിമയ നിരക്ക് ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. നിലവിൽ ഡോളറിനെതിരെ രൂപ മെച്ചപ്പെട്ട നിലയിലാണ്.

അന്താരാഷ്ട്ര വിപണിയിലും സ്വർണത്തിന് ഉയർന്ന നിരക്കാണ്. ന്യൂയോർക്കിൽ വില ഔൺസിന് 3.6 ശതമാനം വർധിച്ചു. ലണ്ടൻ അടിസ്ഥാന വിപണിയിൽ സ്വർണ വില ഔൺസിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1.75 ശതമാനമാണ് ഉയർന്നത്. ദുബൈയിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇവിടെ സ്വർണവില നാല് ദിർഹമാണ് വർധിച്ചത്. നിലവിൽ 156.75 ദിർഹമാണ് ദുബൈയിലെ സ്വർണ നിരക്ക്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest