ബൗളര്‍മാര്‍ കളം വാണു; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ലങ്ക

Posted on: June 21, 2019 10:52 pm | Last updated: June 22, 2019 at 11:00 am

ലണ്ടന്‍: ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിന് മേല്‍ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന നിമിഷംവരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ലങ്കന്‍ ജയം. ലങ്കയുടെ ഒമ്പതിന് 239 എന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 212 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. വാലറ്റ ബാറ്റ്‌സ്മാന്‍മാരെ സാക്ഷിയാക്കി ബെന്‍ സ്‌റ്റോക്ക് നടത്തിയ പോരാട്ടം ലക്ഷ്യത്തിലെത്തിയില്ല.

ഇന്നിംഗ്‌സിന്റെ തുടക്കത്തിലും അവസാനത്തിലും തുടരെ വിക്കറ്റുകള്‍ വീണതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. നാല് സിക്‌സറും ആറ് ഫോറും അടക്കം 89 പന്തില്‍ 82 റണ്‍സ് നേടിയ ബെന്‍സ്‌റ്റോക്ക് പുറത്താകാതെ നിന്നു. 89 പന്തില്‍ 57 റണ്‍സെടുത്ത ജോ റൂട്ടും 21റണ്‍സെടുത്ത മോര്‍ഗനുമാണ് ഇംഗ്ലണ്ട് നിലയില്‍ പൊരുതിയത്. അഞ്ച് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒറ്റക്കത്തില്‍ പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ മലിംഗയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്നത്തെ ജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കക്ക് കഴിഞ്ഞു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം പാളുകയായിരുന്നു. ആദ്യ മൂന്ന് ഓവറിനുള്ളില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലങ്കന്‍ ഓപ്പണര്‍ാമര്‍ മടങ്ങി. തുടക്കത്തിലെ തകര്‍ച്ച ലങ്കയുടെ സ്‌കോര്‍ വേഗത കുറച്ചു. സ്‌കോറിന് വേഗത കൂട്ടാന്‍ ശ്രമിക്കുമ്പോയെല്ലാം മുറക്ക് വിക്കറ്റും വീണു. 115 പന്തില്‍ 85 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യസും 39 പന്തില്‍ 49 റണ്‍സ് നേടിയ ഫെര്‍ണാണ്ടോയുമാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.