National
16 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 1557 കസ്റ്റഡി മരണങ്ങള്‍; ശിക്ഷിക്കപ്പെട്ടത് 26 പോലീസുകാര്‍ മാത്രം

ന്യൂഡല്‍ഹി: ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2001 – 2016 കാലയളവിലായി ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 180 കസ്റ്റഡി മരണങ്ങള്‍. എന്നാല്‍ ഒന്നില്‍ പോലും പോലീസുകാരോ. മറ്റ് നിയമപാലകരോ ശിക്ഷക്കെപ്പെട്ടിട്ടില്ല. ഈ 16 വര്‍ഷങ്ങളിലായി രാജ്യത്ത് 1557 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയതപ്പോള്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ 26 പോലീസുകാര്‍ മാത്രം.
30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ച സാഹചര്യത്തിലാണ് ഈ കണക്കുകള്‍ ചര്‍ച്ചയാകുന്നത്.
1990ല്‍ പ്രഭുദാസ് മാധാവ്ജി വൈഷണി എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നായിരുന്നു ആരോപണം.
സഞ്ജീവ് ജാംനഗര്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിരിക്കെയാണ് വൈഷ്ണവി മരണപ്പെടുന്നത്. ഭാരത് ബന്ദിനിടെ കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവ് ഭട്ടും മറ്റ് ഉദ്യോഗസ്ഥര്‍മാരും കസ്റ്റഡിയിലെടുത്തിരുന്നു. ഒമ്പത് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം രണ്ട് ആഴ്ചക്കിടെ മരണപ്പെട്ടു.
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളത്. എന്നാല്‍ പരാതിയില്‍ സഞ്ജീവിനെതിരെ കസ്റ്റഡി മരണത്തിന് കേസെടുക്കുകയായിരുന്നു. 1995ല്‍ കേസ് മജിസ്‌ട്രേറ്റിന്റെ പരിഗണനയില്‍ വന്നിരുന്നെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള സ്റ്റേയുടെ അടിസ്ഥാനത്തില്‍ 2011വരെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് സ്റ്റേ നീക്കിയശേഷം വിചാരണ പുനരാരംഭിക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് കേസില്‍ വിധി വന്നത്.