ശബരിമല ആചാരണ സംരക്ഷത്തിനായുള്ള ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു

Posted on: June 21, 2019 4:33 pm | Last updated: June 21, 2019 at 9:45 pm

ന്യൂഡല്‍ഹി: മെന്നാണശബരിമല ആചാര സംരക്ഷണത്തിനായുള്ള എം കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുള്ള അവസ്ഥ ശബരിമലയില്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒമ്പത് ബില്ലുകളാണ് ഇന്ന് സഭയില്‍ അവതരിപ്പിച്ചത്. ഇതില്‍ ആദ്യത്തേതായാണ് പ്രേമചന്ദ്രന്റെ ബില്‍ അവതരിപ്പിച്ചത്.

ബില്‍ അവതരിപ്പിച്ച പ്രേമചന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് പ്രസംഗിക്കാന്‍ ശ്രമിച്ചെങ്കിലും ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖി അനുമതി നല്‍കിയില്ല. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ശബരിമല ആചാര സംരക്ഷണത്തിനായി അപൂര്‍ണമായ ഒരു ബില്ലല്ല വേണ്ടതെന്നും സമഗ്രമായ നിയമ നിര്‍മാണ് വേണ്ടതെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിവന്ന ശേഷം ആദ്യമായാണ് ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പ്രേമചന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിശ്വാസ, ആചാര സംരക്ഷണത്തിനായി നിലകൊള്ളാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ ബില്‍ ഇനി നിയമമാക്കേണ്ടത് പാര്‍ലിമെന്റാണ്. താന്‍ വിചാരിച്ചാല്‍ ഇനി ബില്‍ പിന്‍വലിക്കാന്‍ കഴിയില്ല. ബില്ലിനെ പിന്തുണക്കുന്നതില്‍ ബി ജെ പിക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് രാഷ്ട്രീയാണ്. ഒരു പ്രതിപക്ഷ അംഗം കൊണ്ടുവന്ന ബില്‍ പിന്തുണക്കുന്നതിനുള്ള രാഷ്ട്രീയ തടസ്സം മാത്രമാണ് ബി ജെ പിക്കുള്ളത്.
ബി ജെ പി വിശ്വാസി സമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നു എന്നുണ്ടെങ്കില്‍ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണക്കണമായിരുന്നു.

ബില്‍ അപൂര്‍ണമാണെന്ന് മീനാക്ഷി ലേഖി പറയുന്നത് ശരിയല്ല. കേന്ദ്രനിയമന്ത്രാലയംകൂടി അംഗീകരിച്ച ബില്ലാണ് അവതരിപ്പിച്ചതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.