പീഡന ശ്രമം: കല്ലട ബസ് സര്‍വീസിന്റെ ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

Posted on: June 20, 2019 1:24 pm | Last updated: June 20, 2019 at 1:31 pm

തിരുവനന്തപുരം: കല്ലട ബസില്‍ യുവതിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. കല്ലട ബസ് സര്‍വീസിന്റെ തിരുവനന്തപുരം തമ്പാനൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിന്റെ വാതിലുകളും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കല്ലട ബസിന്റെ ചില്ലുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പോലീസെത്തി പ്രതിഷേധക്കാരെ നീക്കി.

പീഡന ശ്രമവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍മാരില്‍ ഒരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി തമിഴ്നാട് സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നതിനിടെ ബസ് കോഴിക്കോടെത്തിയപ്പോഴാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. രണ്ടാം ഡ്രൈവര്‍ കടന്നുപിടിച്ചതോടെ യുവതി ബഹളം വെക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.