Connect with us

Ongoing News

ഡേ കെയറും പ്ലേ സ്‌കൂളുകളും അടിമുടി മാറുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകളും പ്ലേ സ്‌കൂളുകളും അടിമുടി മാറുന്നു. ഇതിന്റെ നിയമ നിർമാണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസിൽ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പ്രീ സ്‌കൂളുകളുടെ പ്രവർത്തനവും വിദ്യാഭ്യാസവും മികച്ചതാക്കുന്നതിനായി നിയമ നിർമാണം ആവശ്യമാണ്. ഇതിന് ആദ്യ പടിയായാണ് വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി കെ കെ ശൈലജയുടെ നിർദേശ പ്രകാരം ശിൽപ്പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് വ്യക്തമായ മാർഗരേഖയോ, നിയമമോ, സിലബസോ, മോണിറ്ററിംഗ് സംവിധാനമോ ലൈസൻസിംഗ് സംവിധാനമോ നിലവിലില്ല. വർധിച്ചുവരുന്ന അണുകുടുംബ വ്യവസ്ഥിതി ഇത്തരം സ്ഥാപനങ്ങൾ കുണുപോലെ മുളക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഒരു കുഞ്ഞിന്റെ ഭാവി നിർണയിക്കുന്നതിനുള്ള പ്രധാന സമയമാണ് ആറ് വയസ് വരെയുള്ളത്. എന്നാൽ കുട്ടിയുടെ മാനസിക വളർച്ചക്ക് ഉതകുന്ന രീതിയിലല്ല ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

കുട്ടികളുടെ മാനസിക-ശാരീരിക വളർച്ച എന്നതിലുപരി വിദ്യാഭ്യാസത്തിന് മാത്രം മുൻതൂക്കം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് വ്യക്തമായ സിലബസോ, പ്രവർത്തന മാനദണ്ഡങ്ങളോ ഇല്ല. ശിശു സൗഹൃദമെന്നതിലുപരി പലപ്പോഴും ബിസിനസായി മാറുന്നുണ്ടെന്ന പരാതിയുമുണ്ട്. മാത്രമല്ല സ്വകാര്യ വ്യക്തികൾ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ വ്യക്തമായ കണക്കുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികളുമായി ഇടപെടുന്ന ക്രഷ്, പ്ലേ സ്‌കൂൾ, ഡേ കെയർ സെന്റർ തുടങ്ങിയ പേരുകളിൽ സ്ഥാപനങ്ങളുടെ വലിയ വ്യാപനമുണ്ട്. അത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ ആർക്കും കഴിയുന്ന അവസ്ഥയാണുള്ളത്. കുട്ടികളുടെ വികസന ആവശ്യങ്ങൾ പോലും പരിഗണിക്കുന്നില്ല. കുട്ടികളുടെ പ്രവേശനങ്ങളിലും വിവേചനമുണ്ട്. പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ. ഇത് നിരീക്ഷിക്കാനുള്ള സംവിധാനവുമില്ല. കുട്ടികളുടെ അവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കണോ എന്ന കാര്യവും ശിൽപ്പശാല ചർച്ച ചെയ്തു.

സ്വകാര്യ പ്ലേ സ്‌കൂളുകളുടെ എൻ സി പി സി ആർ മാർഗരേഖയനുസരിച്ചുള്ള കരട് പ്രൊപ്പോസൽ ബാലാവകാശ കമ്മീഷൻ അംഗം ശ്രീല മേനോൻ അവതരിപ്പിച്ചു. വികസിത രാജ്യങ്ങളിലേയും ഇന്ത്യയിലേയും മികച്ച സേവനം നടത്തുന്ന പ്ലേ സ്‌കൂളുകളേയും ഡേ കെയർ സെന്ററുകളേയും പറ്റി പൂണെസെന്റർ ഫോർ ലേണിംഗ് റിസോഴ്‌സിലെ ചിത്തരഞ്ജൽ കൗൾ, ബാംഗലൂർ സ്‌കൂൾ സ്‌കേപ്പിലെ അമുക്താ മഹാപത്രെ എന്നിവർ വിശകലനം നടത്തി. ഇതോടൊപ്പം വിവിധ ഗ്രൂപ്പുകൾ തിരിച്ചുള്ള ചർച്ചകളും അവയുടെ അവതരണങ്ങളും ശിൽപ്പശാലയിൽ നടന്നു.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുന്നതിന് സബ് കമ്മിറ്റി രൂപവത്കരിച്ചു. ശിൽപ്പശാലയിൽ ഉയർന്നുവന്ന നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്ത ശേഷം വീണ്ടും ശിൽപ്പശാല സംഘടിപ്പിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സാമൂഹികനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സുരേഷ്, യുനിസെഫ് പ്രതിനിധി കുമരേശൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർ, ചൈൽഡ് പ്രൊ ട്ടക്‌ഷൻ ഓഫീസർമാർ, ബന്ധപ്പെട്ട വകുപ്പുകൾ, ഏജൻസികൾ പങ്കെടുത്തു.

Latest