പാര്‍ലിമെന്റില്‍ ജയ് ശ്രീറാമിന് മറുപടിയായി തക്ബീര്‍ മുഴക്കി അസദുദ്ദീന്‍ ഉവൈസി

Posted on: June 18, 2019 4:00 pm | Last updated: June 18, 2019 at 4:11 pm

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചൊല്ലിയത് ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ ധ്വനി മുഴക്കി. അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞക്കായി ഡയസിലേക്ക് നീങ്ങുമ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി ബഹളം സൃഷ്ടിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഉവൈസി തക്ബീര്‍ മുഴക്കിയത്. സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ദളിത് മുസ്ലിം രാഷ്ട്രീയ ഐക്യത്തിന്റെ മുദ്രാവാക്യമായ  ‘ജയ് ഭീം, ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ വിളിച്ചാണ് അദ്ദേഹം ഡയസ് വിട്ടത്. ലഖ്‌നവി ഉറുദുവില്‍ ദൈവനാമതിത്തിലായിരുന്നു ഉവൈസിയുടെ സത്യപ്രതിജ്ഞ.

തന്നെ കാണുമ്പോള്‍ ബിജെപിക്കാര്‍ക്ക് ജയ്ശ്രീറാമും വന്ദേമാതരവും ഓര്‍മ വരുന്നുവെങ്കില്‍ നല്ലതാണെന്നും അവര്‍ ഇന്ത്യന്‍ ഭരണഘടനയെയും മുസാഫര്‍പൂരില്‍ മരിച്ചുവീഴുന്ന കുട്ടികളെയും കൂടി ഓര്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഉവൈസി പിന്നീട് പ്രതികരിച്ചു.

ലോക്‌സഭ ചേര്‍ന്ന ആദ്യ ദിവസം കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചൊല്ലാന്‍ എത്തിയപ്പോഴാണ് ആദ്യം ജയ്ശ്രീറാം വിളി ഉയര്‍ന്നത്. പിന്നീട് മറ്റു എംപിമാര്‍ സത്യപ്രതി്ജ്ഞ ചൊല്ലിയപ്പോഴും ഇത് തുടരുകയായിരുന്നു. അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണ ജയ് ശ്രീറാം വിളിക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ജയ് ശ്രീറാം മുഴക്കേണ്ട സ്ഥലം ഇതല്ല, അമ്പലങ്ങളിലാണ് അത് ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.