വീരമൃത്യു വരിച്ച പോലീസുകാരന്റെ മകനെയുമെടുത്ത് വിങ്ങിപ്പൊട്ടുന്ന ഉന്നതോദ്യോഗസ്ഥന്‍; കണ്ണു നനയിക്കും ഈ ദൃശ്യം

Posted on: June 18, 2019 2:14 pm | Last updated: June 18, 2019 at 5:29 pm

ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ജൂണ്‍ 12നുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയവെ വീരമൃത്യു വരിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) അര്‍ഷദ് ഖാന് ആദരാഞ്ജലികളര്‍പ്പിക്കുന്ന ചടങ്ങില്‍ ജമ്മു കശ്മീര്‍ പോലീസിലെ സഹ പ്രവര്‍ത്തകര്‍ക്ക് കണ്ണീരടക്കാനായില്ല. ചടങ്ങിനിടെ അര്‍ഷദ് ഖാന്റെ അഞ്ചു വയസ്സുകാരനായ മകനെ എടുത്തു നിന്നിരുന്ന ശ്രീനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹസീബ് മുഗള്‍ വിങ്ങിപ്പൊട്ടുന്ന രംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

മൃതദേഹത്തില്‍ പുഷ്പാര്‍ച്ചനയും അന്തിമാഭിവാദവും അര്‍പ്പിച്ച ശേഷം കുട്ടിയുമായി തിരികെ നടന്ന ഹസീബ് സങ്കടം സഹിക്കാനാകാതെ വിതുമ്പുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥര്‍, ആഭ്യന്തര സെക്രട്ടറി, ജമ്മു കശ്മീര്‍ ഡി ജി പി തുടങ്ങിയവര്‍ ശ്രീനഗറിലെ പോലീസ് ലൈന്‍സില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.

മാതാപിതാക്കള്‍, ഭാര്യ നിലോഫര്‍, മകന്‍ അബൂഹന്‍ ഖാന്‍ (അഞ്ച്), ദാനിം ഖാന്‍ (രണ്ട്) എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു 30കാരനായ അര്‍ഷദ് ഖാന്‍. അവിവാഹിതനായ ഒരു സഹോദരനും അദ്ദേഹത്തിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
ജൂണ്‍ 12ന് രാവിലെയാണ് അര്‍ഷദ് ഖാന് പരുക്കേല്‍ക്കാനിടയായ ആക്രമണം നടന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് പട്ടണത്തില്‍ അഞ്ച് സി ആര്‍ പി എഫ് ജവാന്മാരെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരരെ കൂടുതല്‍ പോലീസ് സേനയുമായെത്തി നേരിടുമ്പോഴാണ് ഖാന് വെടിയേറ്റത്. സൈനികര്‍ക്കു നേരെ ഭീകരര്‍ ഗ്രനേഡുകളും വലിച്ചെറിഞ്ഞിരുന്നു.

ധീരമായി പൊരുതിയ അര്‍ഷദ് ഖാന്‍ ഒരു ഭീകരനെ കൊലപ്പെടുത്തിയതായി പോലീസ് വക്താവ് പറഞ്ഞു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഷ്താഖ് സഗീറിന്റെ നേതൃത്വത്തിലുള്ള അല്‍ ഉമര്‍ മുജാഹിദീന്‍ ഭീകര ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ശ്രീനഗര്‍ സ്വദേശിയായ അര്‍ഷദ് ഖാന്‍ 2002ലാണ് പോലീസില്‍ ചേര്‍ന്നത്. സബ് ഇന്‍സ്‌പെക്ടറായിരുന്ന അദ്ദേഹം അടുത്തിടെയാണ് അനന്ത്‌നാഗ് എസ് എച്ച് ഒയായി നിയമിതനായത്. ലാളിത്യം, തുറന്ന സംസാരം, പ്രൊഫഷണലിസം എന്നിവയെല്ലാം ഖാന്റെ പ്രത്യേകതകളായിരുന്നുവെന്നും സമര്‍പ്പണത്തിനും ധീരതക്കും പേരെടുത്ത ഉദ്യോഗസ്ഥനായിരുന്നുവെന്നും വക്താവ് പറഞ്ഞു.