കരുത്തുണ്ടെങ്കിലും കരുതണം

  • കളിച്ച ഒരേ ഒരു ഏകദിനത്തിൽ വിജയിച്ചത് ഇംഗ്ലണ്ട്
  • കഴിഞ്ഞ ലോകകപ്പിലായിരുന്നു ഇരുടീമുകളും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്
  • റാങ്കിംഗ്: ഇംഗ്ലണ്ട് 1, അഫ്ഗാനിസ്ഥാൻ 10
  • വേദി: ഹെഡിംഗ്‌ലെ
  • സമയം: ഇന്ന് വൈകുന്നേരം 3.00
  • ലൈവ്: സ്റ്റാർ സ്പോർട്സ്
Posted on: June 18, 2019 1:05 pm | Last updated: June 18, 2019 at 1:07 pm

ലണ്ടൻ: ഒന്നെങ്കിൽ അത്ഭുതം അല്ലെങ്കിൽ മഴ. ഇതേതെങ്കിലുമൊന്ന് സംഭവിച്ചാൽ മാത്രമെ അഫ്ഗാനിസ്ഥാന് ഇന്ന് സന്തോഷിക്കാനുള്ള വകയുള്ളൂ. കരുത്തരായ ഇംഗ്ലണ്ടിനോട് ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കുക തന്നെവേണം. അല്ലെങ്കിൽ മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഒരു പോയിന്റ് നേടി അഫ്ഗാന് തൃപ്തിപ്പെടാം. ലോകകപ്പിലെ ഏറ്റവും ദുർബലമായ ടീമാണ് അഫ്ഗാനിസ്ഥാൻ. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള അഫ്ഗാന് ഇതുവരെ ഒരു മത്സരത്തിലും ജയിക്കാനായില്ല. സന്നാഹ മത്സരത്തിൽ പാക്കിസ്ഥാനെ അട്ടിമറിച്ച ആവേശത്തിലിറങ്ങിയ ടീമിന് ഇംഗ്ലണ്ടിൽ കാര്യമായ അലയൊലികളൊന്നും ഉണ്ടാക്കാനായിട്ടില്ല.

ശ്രീലങ്കയെ ചെറിയ തോതിൽ വിറപ്പിക്കാനായിട്ടുണ്ടെങ്കിലും നാല് മത്സരങ്ങളും പൂർണ പരാജയമായിരുന്നു. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ആസ്‌ത്രേലിയ എന്നിവരോട് ദയനീയമായ പരാജയമാണ് ടീമിന് ഏറ്റുവാങ്ങേണ്ടിവന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ അഫ്ഗാനിസ്ഥാന് ആശ്വസിക്കാനും ആഹ്ലാദിക്കാനുമായി ഒരു വിജയമെങ്കിലും ലഭിക്കണം. അതിനുവേണ്ടിയാണ് ഓരോ ടീം അംഗങ്ങളുടെയും കഠിന പ്രയത്‌നം. പരാജയപ്പെടുന്നുണ്ടെങ്കിലും ലോകക്രിക്കറ്റിനൊപ്പം നിൽക്കുന്ന പ്രകടനങ്ങളാണ് അഫ്ഗാൻ താരങ്ങൾ കാഴ്ചവെക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ് എന്നിവരുമായാണ് ടീമിന്റെ ഇനിയുള്ള മത്സരങ്ങൾ.

ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഓരോ താരങ്ങളും മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ഇംഗ്ലണ്ട് പാക്കിസ്ഥാനോട് മാത്രമാണ് പരാജയം അറിഞ്ഞത്. കിരീട സാധ്യതയുള്ള ഇംഗ്ലണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ എട്ട് പോയിന്റുമായി ആസ്‌ത്രേലിയക്കൊപ്പം പോയിന്റിൽ ഒന്നാമതെത്തും ഇംഗ്ലണ്ട്. നാല് മത്സരങ്ങളിലായി ഏഴ് പോയിന്റ് വീതം നേടിയ ഇന്ത്യയും ന്യൂസിലാൻഡുമാണ് പോയിന്റ് പട്ടികയിലെ മുൻനിരക്കാർ.

അനായാസമായി വിജയിക്കാവുന്ന കളിയാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇന്നത്തേത്. എന്നാൽ, അലംഭാവത്തോടെ കളിച്ചാൽ ദുഃഖിക്കേണ്ടിവരും. തങ്ങൾക്ക് പരാജയം സമ്മതിക്കേണ്ടി വന്ന പാക്കിസ്ഥാനെ സന്നാഹത്തിൽ തോൽപ്പിച്ചുവെന്ന ചെറിയൊരു പേടിയും അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ ഇംഗ്ലണ്ടിനെ പിന്തുടർന്നേക്കാം.

നാല് മത്സരങ്ങൾ മഴമൂലം മുടങ്ങി റെക്കോർഡിട്ട ഈ ലോകകപ്പിൽ മഴ അറിയാത്ത ടീമുകളാണ് ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും. ഇവരുടെ മത്സരങ്ങളിതുവരെ മഴ കൊണ്ടുപോയിട്ടില്ല. ഇന്നത്തെ മത്സരത്തിൽ മഴ പെയ്താൽ ആശ്വസിക്കുക അഫ്ഗാനിസ്ഥാനാകും.

ഇംഗ്ലണ്ട് ഓപണർക്ക് പരുക്ക്

മാഞ്ചസ്റ്റർ: പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ട് ഓപണർ ജെയ്സൺ റോയി പിന്മാറി. റോയിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് ടീം വൃത്തങ്ങൾ നൽകുന്ന സൂചന. പരുക്കുണ്ടെങ്കിലും ക്യാപ്റ്റൻ ഇയോൻ മോർഗൻ അഫ്ഗാനിസ്ഥാനെതിരെ മത്സരിച്ചേക്കും.

പിൻതുട ഞരമ്പിന് തേയ്മാനം സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിശദീകരണം.
വെസ്റ്റിൻഡീസുമായുള്ള കളിക്കിടെയാണ് റോയിക്ക് പരുക്കേറ്റത്. റോയിക്ക് പകരം ഓപണറായി ജെയിംസ് വിൻസ് അഫ്ഗാനിസ്ഥാനെതിരെ കളിക്കുമെന്ന് മോർഗൻ വ്യക്തമാക്കി.