Connect with us

International

നായകനും പ്രതിനായകനുമായ മുർസി

Published

|

Last Updated

കൈറോ: ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞ് വീണ് മരണത്തിന് കീഴടങ്ങുന്നത് രക്തസാക്ഷി പരിവേഷത്തോടെയാണ്. മരണ വാർത്ത സ്ഥിരീകരിച്ച് മിനുട്ടുകൾക്കകം തുർക്കി പ്രസിഡന്റ് റജബ് ഉർദുഗാൻ പുറത്തുവിട്ട അനുശോചന സന്ദേശത്തിൽ ആ വികാരമുണ്ട്. നമ്മുടെ സഹോദരന്റെ, രക്തസാക്ഷിയുടെ ആത്മാവിന് സ്രഷ്ടാവിന്റെ രക്ഷയുണ്ടാകട്ടേ.

തുണീഷ്യയിൽ ആരംഭിച്ച, അറബ് വസന്തമെന്ന് വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരയുടെ ഭാഗമായി ഈജിപ്തിൽ അരങ്ങേറിയ തഹ്‌രീർ വിപ്ലവത്തിന്റെ ഉത്പന്നമായിരുന്നു മുഹമ്മദ് മുർസിയുടെ പ്രസിഡന്റ് പദവി. ഹുസ്‌നി മുബാറക്കിന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച പ്രക്ഷോഭത്തിന്റെ മുൻനിരയിലേക്ക് കയറി നിന്ന ഇഖ്‌വാനുൽ മുസ്‌ലിമീന്റെ (മുസ്‌ലിം ബ്രദർഹുഡ്) നേതാവായ മുർസിക്ക് തിരഞ്ഞെടുപ്പ് വിജയം അനായാസമായിരുന്നു. വിപ്ലവ പ്രതീക്ഷകളുടെ നായകനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. ഈജിപ്ത് വലിയ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് സഞ്ചരിക്കുന്നുവെന്ന് തോന്നിച്ച നാളുകളായിരുന്നു മുർസിയുടെ ഭരണസാരഥ്യത്തിന്റെ ആദ്യ ഘട്ടം.

എന്നാൽ ആറ് മാസം പിന്നിടുമ്പോൾ തന്നെ ഇച്ഛാഭംഗം തുടങ്ങി. ജനങ്ങളുടെ പ്രതീക്ഷകൾ നിരാശയായി പരിണമിച്ചു. നേരിട്ട് ഭരണം ഏറ്റെടുക്കാൻ ബ്രദർഹുഡ് തീരുമാനിച്ചതിൽ നിന്ന് തുടങ്ങുന്നു പിഴവ്. അപാരമായ പ്രതീക്ഷകളാണ് മുർസി നൽകിയത്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധി, തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യ മേഖല. എല്ലാത്തിനും ഉപരി ഇന്ധന ക്ഷാമം. ഐ എം എഫ് വായ്പ തരപ്പെടുത്താനായി വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഇന്ധന സബ്‌സിഡി പിൻവലിക്കാൻ മുർസി നിർബന്ധിതനായി. മുർസിയെ തകർക്കാൻ വെച്ച ടൈം ബോംബെന്നാണ് ഇന്ധന പ്രതിസന്ധിയെ വിദഗ്ധർ വിശേഷിപ്പിച്ചത്. ക്രൂരമായ പരിഷ്‌കരണങ്ങൾക്ക് മുതിർന്നിട്ടും ആവശ്യത്തിന് ഐ എം എഫ് വായ്പ ലഭിച്ചില്ല. ആയിരക്കണക്കിന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പമ്പുകൾക്ക് മുന്നിൽ മണിക്കൂറുകൾ ക്യൂ നിൽക്കുകയെന്നത് പൗരൻമാരുടെ ദിനചര്യയായി മാറി. ഈ പ്രശ്‌നങ്ങൾക്കിടയിലും ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ അധികാരം ഭദ്രമാക്കാൻ ശ്രമിക്കുകയായിരുന്നു മുർസിയെന്ന പഴിയും അദ്ദേഹം കേട്ടു. ഒടുവിൽ രണ്ടാം തഹ്‌രീർ പ്രക്ഷേഭത്തിലേക്ക് കാര്യങ്ങളെത്തി. നാട് സംഘർഷ ഭരിതമായി. പ്രക്ഷോഭകരും ബ്രദർഹുഡുകാരും ഏറ്റുമുട്ടി. ഈ കൂട്ടക്കുഴപ്പങ്ങൾക്കിടെ മുർസിക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നു. സൈനിക ഭരണത്തിലേക്ക് ഈജിപ്ത് കൂപ്പുകുത്തി. മുർസി മരണത്തിന് കീഴടങ്ങുമ്പോൾ ഒരേ സമയം നായകന്റെയും പ്രതിനായകന്റെയും ചിത്രമാണ്.

ഫത്താഹ് അൽ സീസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മുർസിയോട് പക വീട്ടുകയായിരുന്നു. തടവറയിൽ അദ്ദേഹം കൊടു പീഡനം അനുഭവിച്ചുവെന്ന് ബ്രിട്ടീഷ് വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Latest