ഡോക്ടര്‍മാരുടെ സുരക്ഷക്ക് നടപടികള്‍ പ്രഖ്യാപിച്ച് മമത; സമരം പിന്‍വലിച്ചു

Posted on: June 17, 2019 6:14 pm | Last updated: June 18, 2019 at 10:11 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്. സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും സുരക്ഷ നല്‍കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ പോലീസിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നത് തടയണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സെക്രട്ടേറിയറ്റില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് മമത ഈ നിര്‍ദേശം നല്‍കിയത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര യൂനിറ്റുകള്‍ രൂപവത്കരിക്കാനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയ പ്രതിനിധി സംഘം തങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സുരക്ഷക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ യോഗത്തില്‍ സംബന്ധിച്ച പോലീസ് ഓഫീസര്‍മാര്‍ക്ക് മമത നിര്‍ദേശം നല്‍കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത ഒരു ഡോക്ടര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് മമത പ്രതിനിധി സംഘത്തോടു പറഞ്ഞു.

ജൂണ്‍ 11ന് എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ മരണത്തെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അഞ്ചു പേരെ അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. തീരുമാനങ്ങളില്‍ ഡോക്ടര്‍മാര്‍ തൃപ്തി അറിയിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി ചന്ദ്രിമ ഭട്ടാചാര്യ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 31 ജൂനിയര്‍ ഡോക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഡോക്ടര്‍മാരുടെ ആവശ്യപ്രകാരം മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.