മലമടക്കുകളിലെ കുളിർ കാഴ്ചകൾ

വർഷം മുഴുവൻ ശൈത്യകാലം പോലെ തണുപ്പ് സമ്മാനിക്കുന്ന ഒരു നാടിന്റെ സുകൃതങ്ങൾ അനുഭവിക്കുക എന്നത് മാത്രമായിരുന്നു യാത്രയുടെ ലക്ഷ്യം. അതിനാൽ തന്നെ കൂനൂരിലെ ടൂറിസ്റ്റ് ലൊക്കേഷനുകളിലേക്ക് ഒന്നുംതന്നെ പോയില്ല. നാടിന്റെ ഊടുവഴികളിലൂടെ സാധാരണ ജീവിതങ്ങളിലൂടെ മാത്രം കടന്നു പോയി..
യാത്ര
Posted on: June 17, 2019 5:31 pm | Last updated: June 17, 2019 at 5:31 pm

കുന്നോളമുള്ള കാഴ്ചകൾ അനുഭൂതിയായി ഹൃദയത്തിൽ ചേർത്തുവെക്കുകയാണ് കൂനൂരിന്റെ താഴ്‌വരകൾ. സൂര്യൻ കറുത്ത മേഘങ്ങൾക്കിടയിൽ പതിയെ ഒളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിതറി വീഴുന്ന മഴത്തുള്ളികൾ വെറുതെ നോക്കിയിരുന്നാൽ തന്നെ മനസ്സ് ആർദ്രമാകും. കണ്ണെത്താദൂരം കൈകോർത്തു നിൽക്കുന്ന മലകൾ മഞ്ഞിൽ കുളിച്ചു നിൽക്കുന്നു. മഞ്ഞിന് പുറമെ കാറ്റുമുണ്ട്. റോഡിനിരുവശവും തേയിലത്തോട്ടങ്ങൾ.

ഊട്ടിയുടെ തിരക്കിൽ പലരും വിട്ടുപോകുന്ന സ്ഥലമാണ് കൂനൂർ. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് പോകുംവഴി നീലഗിരി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കൂനൂർ. സമുദ്ര നിരപ്പിൽ നിന്ന് 1850 മീറ്റർ ഉയരത്തിലാണ് ഈ നഗരം. യാദൃച്ഛികമായാണ് ഞങ്ങളും കൂനൂരിലെത്തിയത്.

മേട്ടുപ്പാളയം- ഊട്ടി മലയോര ആവിയെഞ്ചിൻ തീവണ്ടി പ്രധാന ആകർഷണമാണ്. ഇത് ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ 2005ൽ പ്രഖ്യാപിച്ചിട്ടുണ്ട്. 1874ൽ ബ്രിട്ടീഷുകാർ 12.14 ഏക്കറിൽ നിർമിച്ച സിംസ് പാർക്ക് എന്ന ഉദ്യാനം മറ്റൊരു കേന്ദ്രമാണ്. ബൊട്ടാണിക്കൽ ഗാർഡനോട് കൂടിയ ഈ പാർക്കിൽ ആയിരത്തോളം വ്യത്യസ്തവും അപൂർവവുമായ സസ്യങ്ങളുടെ ശേഖരമുണ്ട്. ജാപ്പനീസ് രീതിയിൽ വികസിപ്പിച്ചെടുത്ത ഈ പാർക്കിന്റെ പ്രധാന ആകർഷണംഎല്ലാ മെയ് മാസത്തിലുള്ള പഴം, പച്ചക്കറി പ്രദർശനമാണ്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തെ ഔട്ട്പോസ്റ്റായ ഡ്രൂഗും ആകർഷണീയമാണ്. പേരുകേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. കൂനൂരിന്റെ സാമ്പത്തിക അടിത്തറ തന്നെ തേയില കൃഷിയിലാണ്.

ഭവാനി, മൊയാർ
നദികളിലൂടെ
ഒഴുകുന്ന കാറ്റ്

ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനമായാണ് നഗരത്തെ വികസിപ്പിച്ചത്. അധിക കെട്ടിടങ്ങളുടെ രൂപവും ഭാവവും ഇപ്പോഴും ഈസ്റ്റിന്ത്യാ കമ്പനി കാലത്തെതാണ്. സുഖവാസത്തിന് അനുയോജ്യമായ ഭൂപ്രകൃതി ആയതുകൊണ്ട് കൂടിയാണ് ബ്രിട്ടീഷുകാർ ഇവിടെ താവളമാക്കിയത്. പതിഞ്ഞ പുൽമേടുകളും നീർച്ചാലുകളും നിത്യഹരിത തണൽമരങ്ങളും കൊണ്ട് ഈ നാടിന്റെ പ്രകൃതിസ്വഭാവം, തന്നെ വിദേശ തണുപ്പ് പ്രദേശങ്ങളുടെത് പോലെയാണ്. കാലാവസ്ഥാ, ഭൂമിശാസ്ത്രപരമായ കൂനൂരിന്റെ സവിശേഷത കാരണമായി ഒട്ടേറെ റസിഡൻഷ്യൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടിവിടെ.

നിരപ്പായ സമതലങ്ങൾ കുറവായതിനാൽ കുന്നുകളിലും മലഞ്ചെരുവിലുമാണ് ഏറെയും കൃഷി. ഇതിനായി മലഞ്ചെരുവുകളെ തട്ടുകളായി തിരിക്കുന്നു. ഇത് മണ്ണിന്റെ സംരക്ഷണത്തിന് അത്യാവശ്യമാണ്. മഴക്കാലത്ത് ചെടികളും മണ്ണും കുത്തിയൊലിച്ച് പോകാതിരിക്കാൻ ഇത് സഹായിക്കുന്നു.

വർഷം മുഴുവൻ ശൈത്യകാലം പോലെ തണുപ്പ് സമ്മാനിക്കുന്ന ഒരു നാടിന്റെ സുകൃതങ്ങൾ അനുഭവിക്കുക എന്നത് മാത്രമായിരുന്നു യാത്രയുടെ ലക്ഷ്യം. അതിനാൽ തന്നെ കൂനൂരിലെ ടൂറിസ്റ്റ് ലൊക്കേഷനുകളിലേക്ക് ഒന്നുംതന്നെ പോയില്ല. നാടിന്റെ ഊടുവഴികളിലൂടെ സാധാരണ ജീവിതങ്ങളിലൂടെ മാത്രം കടന്നു പോയി.. പശ്ചിമ- പൂർവഘട്ടങ്ങൾക്കിടയിലൂടെ ഭവാനി, മൊയാർ നദികളിലൂടെ ഹൃദയങ്ങളിലേക്ക് ആത്മഹർഷങ്ങളുടെ തണുത്ത കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിക്കുകയാണ് ഈ കുന്നിൻമുകളിൽ.. ഇവിടെ, പിരിമുറുക്കങ്ങൾ മെല്ലെമെല്ലെ അലിഞ്ഞില്ലാതാകുന്നതും സൗഹൃദ ബന്ധങ്ങൾ ദൃഢമാകുന്നതും പ്രതീക്ഷകൾക്ക് നിറംവെക്കുന്നതും നാം അറിഞ്ഞുതുടങ്ങുന്നു. യാത്രകളുടെ പൊരുളുമതാണല്ലോ.

മിദ്ലാജ് ജമീൽ • [email protected]@gmail.com