ഇ ശ്രീധരന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം പാലാരിവട്ടം മേല്‍പ്പാലം പരിശോധിച്ചു

Posted on: June 17, 2019 2:44 pm | Last updated: June 17, 2019 at 4:42 pm

കൊച്ചി: മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനൊപ്പം ഡി എം ആര്‍ സി വിദഗ്ദര്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ചു. സംഘത്തില്‍ പ്രൊഫ. മഹേഷ് ഠണ്ടനും ചെന്നൈ ഐ ഐ ടിയിലെ അളഗു സുന്ദരമൂര്‍ത്തിയും പങ്കെടുത്തു.

സ്ട്രക്ചറല്‍ എന്‍ജിനറിംഗില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള മഹേഷ് ഠണ്ടന്‍, ഡല്‍ഹി മെട്രോ റെയില്‍ നിര്‍മാണകാലം മുതല്‍ ഇ ശ്രീധരനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗുരുതര അപാകമാണുള്ളതെന്ന് നേരത്തെ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനാസംഘത്തില്‍ ഠണ്ടനെയും ഉള്‍പ്പെടുത്തിയത് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഭൂകമ്പബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഠണ്ടന്‍, പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിര്‍ദേശം നല്‍കുമെന്നാണ് പ്രതീക്ഷ.

രാവിലെ എട്ടിനാണ് സംഘം പാലത്തില്‍ വിശദപരിശോധന നടത്തിയത്. തുടര്‍ന്ന് ഡി എം ആര്‍സി കൊച്ചി ഓഫീസില്‍ ചര്‍ച്ച നടത്തി. പരിശോധനയിലെ കണ്ടെത്തലും തുടര്‍നടപടി സംബന്ധിച്ച നിര്‍ദേശവും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.