Connect with us

Ongoing News

വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ്; റണ്ണെടുക്കാതെ ഗെയില്‍ പുറത്ത്‌

Published

|

Last Updated

ക്രിസ് ഗെയിലിന്റെ വിക്കറ്റ് നേടിയ മുഹമ്മദ് സൈഫുദ്ദീന്റെആഹ്ലാദം

ലണ്ടൻ: യൂനിയന്‍ ബോസിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും ഭാഗ്യമില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 13 പന്തുകള്‍ നേരിട്ട ക്രിസ്‌ഗെയില്‍ കളിയുടെ മൂന്നാം ഓവറില്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. മുഹമ്മദ് സൈഫുദ്ദീന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് ഗെയില്‍
മടങ്ങിയത്. ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

സെമി റൗണ്ടിലെത്തുകയെന്നതാണ് ബംഗ്ലാദേശിന്റെയും വെസ്റ്റിൻഡീസിന്റെയും മുന്നിലുള്ള ലക്ഷ്യം. ഇനിയുള്ള ഓരോ മത്സരവും വിജയിക്കേണ്ടത് അനിവാര്യവുമാണ്. അപ്രതീക്ഷിതമായ പ്രകടനം കാഴ്ചവെക്കുന്ന ഇരുടീമുകളും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ വാശിയേറിയ മത്സരം തന്നെ കൺട്രി ഗ്രൗണ്ടിൽ നിന്ന് കാണാം.

കളി ഇതുവരെ

ഏറെ പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലെത്തിയ ബംഗ്ലാദേശിന്റെയും വെസ്റ്റിഡൻഡീസിന്റെയും പ്രകടനം നിരാശാജനകമായിരുന്നു. നാല് കളികളിൽ ഒരു വിജയവും രണ്ട് പരാജയവുമായി ഇരുടീമുകൾക്കും കേവലം മൂന്ന് പോയിന്റ് മാത്രമാണ് ലഭിച്ചത്. ഓരോ കളികൾ വീതം മഴ മൂലം നഷ്ടപ്പെട്ടിട്ടുമുണ്ട്. റൺറേറ്റിന്റെ നേരിയ മുൻതൂക്കത്തിൽ ബംഗ്ലാദേശിനേക്കാൾ വെസ്റ്റിൻഡീസാണ് മുന്നിലുള്ളത്. ഇനിയുള്ള എല്ലാ കളികളും ഇരുടീമുകൾക്കും അതീവ നിർണായകം തന്നെയാണ്. പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ ഇടം പിടിക്കാൻ ദുർഘടമായ കടമ്പകളാണ് കരീബിയൻ പുലികൾക്കും ബംഗ്ലാ കടുവകൾക്കും കടക്കാനുള്ളത്.

ഏകദിന മത്സരങ്ങളിലും ലോകകപ്പിലും ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മുൻതൂക്കം വെസ്റ്റിൻഡീസിനാണെങ്കിലും അവസാനത്തെ നാല് കളികളിലും ബംഗ്ലാദേശിനാണ് വിജയം ലഭിച്ചത്.
ബാറ്റിംഗിലും ബൗളിംഗിലും കൃത്യമായ അടക്കം പാലിക്കുന്ന ടീമാണ് ബംഗ്ലാദേശ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇത് വ്യക്തമായതുമാണ്. എന്നാൽ, വിൻഡീസിന്റെ ട്വന്റി 20 ബാറ്റിംഗ് ശൈലി ലോകകപ്പിന് അനിയോജ്യമാകുന്നില്ല. അവസാന ഓവറിലെടുക്കേണ്ട അക്രമണോത്സുകമായ ബാറ്റിംഗ് ആദ്യ ഓവറിൽ തന്നെ സ്വീകരിക്കുന്ന ഓപ്പണിംഗ് നിര വിൻഡീസിന്റെ ശാപമാണ്.

ഇംഗ്ലണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി വിജയവുമായാണ് ബംഗ്ലാദേശ് വരവറിയിച്ചത്. റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കെതിരെ 330 റൺസെടുത്ത ബംഗ്ലാദേശിന് എതിരാളികളെ എറിഞ്ഞുവീഴ്ത്താനും സാധിച്ചു.

പാക്കിസ്ഥാനെ എറിഞ്ഞുവീഴ്ത്തിയാണ് ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ വിൻഡീസ് വിജയക്കൊടി ഉയർത്തിയത്. പാക്കിസ്ഥാന്റെ 105 റൺസിന്റെ വിജയലക്ഷ്യം അനായാസമായാണ് വിൻഡീസ് മറികടന്നത്. എന്നാൽ, ഈ ഊർജം ഇംഗ്ലണ്ടിനോടും ആസ്ത്രേലിയയോടുമുള്ള മത്സരത്തിൽ പുറത്തെടുക്കാൻ വിൻഡീസിന് സാധിച്ചിരുന്നില്ല. ദയനീയമായിരുന്നു ഈ രണ്ട് പരാജയങ്ങളും.

സാധ്യതാ ടീം

വെസ്റ്റിൻഡീസ്: ജെയ്‌സൺ ഹോൾഡർ, ഫാബിയൻ അല്ലെൻ, കാർലോസ് ബ്രാത്‌വൈറ്റ്, ഡാറെൻ ബ്രാവോ, ഷെൽഡൺ കൊട്രെൽ, ഷാന്നൺ ഗബ്രിയൽ, ക്രിസ് ഗെയിൽ, ഷിംറൺ ഹെറ്റ്മിയർ, ഷായ് ഹോപ്, എവിൻ ലെവിസ്, അഷ്‌ലി നഴ്‌സ്, നിക്കോളാസ് പൂരാൻ, കെമർ റൗച്ച്, ആൻട്രി റസ്സൽ, ഓശാനെ തോമസ്

ബംഗ്ലാദേശ്: തമീം ഇഖ്ബാൽ/മുഹമ്മദ് മിതുൻ, ലിറ്റോൺ ദാസ്, സൗമ്യ സർക്കാർ, ശാക്കിബ് അൽ ഹസൻ, മുശ്ഫിഖർ റഹീം, മഹ്മൂദുല്ല, മുസാദിഖ് ഹുസൈൻ, മശ്‌റഫെ മുർതസ (ക്യാപ്റ്റൻ), മുഹമ്മദ് സൈഫുദ്ദീൻ, റൂബെൽ ഹുസൈൻ, മുസ്തഫിസൂർ റഹ്മാൻ, മുഹമ്മദ് മിഥുൻ, അബു ജായിദ്.

 

Latest