Connect with us

Kerala

പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്ത ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

|

Last Updated

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നാണ് ചെയര്‍മാനെ കണ്ടെത്തിയതെന്നും ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്.

312 സംസ്ഥാന സമിതി അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതായാണ് ജോസ് അനുകൂലികള്‍ പറയുന്നത്.

പാര്‍ട്ടി സെക്രട്ടറി കെഐ ആന്റണി കോട്ടയത്ത് വിളിച്ച് ചേര്‍ത്ത ബദല്‍ സംസ്ഥാന കമ്മറ്റിയോഗമാണ് ജെസ് കെ മാണിയെ തിരഞ്ഞെടുത്തത്. ഇതോടെ കേരള കോണ്‍ഗ്രസ് (എം)ന്റെ പിളര്‍പ്പ് പൂര്‍ണമായി.

യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ക്കും എംപിമാര്‍ക്കും പിജെ ജോസഫ് കത്തയച്ചിരുന്നു .ഇമെയിലായാണു ജോസഫ് സന്ദേശമയച്ചിരിക്കുന്നത്. അതേ സമയം പാര്‍ട്ടി ഭരണഘടനക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും യോഗം സംബന്ധിച്ച് എല്ലാവരേയും അറിയിച്ചിരുന്നുവെന്നും ജോസ് കെ മാണി ഇതിനോട് പ്രതികരിച്ചിരുന്നു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ സിഎഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. കനത്ത പോലീസ് സുരക്ഷയിലാണ് യോഗം ചേര്‍ന്നത്.

അതേ സമയം പാര്‍ട്ടി പിളര്‍ന്നെന്നും ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടന്ക്ക് വിരുദ്ധമാണെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പ്രതികരിച്ചു. വെറും ആള്‍കൂട്ടമാണ് ഇന്ന് യോഗം ചേര്‍ന്നത്. പാര്‍ട്ടി ഭരണ ഘടന പ്രകാരം സംസ്ഥാന കമ്മിറ്റി യോഗം ചേരണമെങ്കിലും പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇന്നത്തെ യോഗത്തില്‍ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.