ഹൈടെക് ലാബ്: പ്രൈമറി സ്‌കൂളുകൾ കൈറ്റുമായി ധാരണാപത്രത്തിൽ ഒപ്പിടും

Posted on: June 16, 2019 2:16 pm | Last updated: June 16, 2019 at 2:17 pm


തിരുവനന്തപുരം: സംസ്ഥാനത്തെ 9,941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷനും (കൈറ്റ്) സ്‌കൂളുകളും തമ്മിൽ ധാരണാപത്രം ഒപ്പിടണമെന്ന് സർക്കാർ ഉത്തരവായി.
സ്‌കൂളുകൾ ഏറ്റെടുത്ത് നടത്തേണ്ട ഉത്തരവാദിത്തങ്ങൾ ധാരണാപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.

ഹൈടെക് ലാബ് സജ്ജമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകൾ നടത്തണം. കൈറ്റ് ലഭ്യമാക്കുന്ന ലാപ്‌ടോപ്പ്, പ്രൊജക്ടർ, ശബ്ദസംവിധാനം, ഇന്റർനെറ്റ്, ഡിജിറ്റൽ ഉള്ളടക്കം തുടങ്ങിയവ അധ്യാപകർ ക്ലാസ്‌റൂം വിനിമയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സ്‌കൂൾ അധികാരികൾ ഉറപ്പ് വരുത്തണം.

മുഴുവൻ അധ്യാപകർക്കും ഇതിനുള്ള പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. ഓൺലൈൻ സ്റ്റോക്ക് രജിസ്റ്റർ, പരാതി കൃത്യമായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം, സ്‌കൂളുകളിലെ ഐ ടി പശ്ചാത്തല സംവിധാനങ്ങൾ, എൽ പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിവിധ വിഭാഗങ്ങൾക്ക് പരസ്പരം പങ്കുവെക്കാനുള്ള സംവിധാനം തുടങ്ങിയവയും സ്‌കൂളുകൾ ഉറപ്പാക്കണം.

സ്‌കൂളിലെ ഉപകരണങ്ങളുടെ മൊത്തത്തിലുള്ള ചുമതല പ്രഥമാധ്യാപകനായിരിക്കും. അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾക്ക് മാത്രമേ ഹൈടെക് ക്ലാസ് മുറിയിലെ ഉപകരണങ്ങൾ ഉപയോഗിക്കാവൂ. സ്‌കൂളിൽ ലഭ്യമാക്കുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം അക്കാദമിക പ്രവർത്തനങ്ങൾക്കും സ്‌കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങൾക്കും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രൊപ്രൈറ്ററി/പൈറേറ്റഡ് സോഫ്റ്റ്‌വെയറുകൾ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. കൃത്യമായ ഓഡിറ്റിംഗ് നടത്തും.

സ്‌കൂളിലും ക്ലാസ് മുറികളിലും ഫലപ്രദമായി ഐ ടി ഉപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ അത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചെടുക്കാം. സമ്പൂർണ സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടലിൽ ഉൾപ്പെടെ വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങൾ അവയുടെ പൂർണ കൃത്യത പരിശോധിച്ച് ഉറപ്പാക്കി വേണം സ്‌കൂളുകൾ നൽകേണ്ടത്. സ്‌കൂളിനേയും കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും ആവശ്യമായ നടപടികളും സ്‌കൂളുകൾ സ്വീകരിക്കണം.ജൂൺ അവസാനവാരം മുതൽ എല്ലാ ജില്ലകളിലും പ്രൈമറി ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള ഉപകരണങ്ങളുടെ വിതരണം ആരംഭിക്കുമെന്നും ഇതിന് മുന്നോടിയായി തിരഞ്ഞെടുത്ത സ്‌കൂളുകൾ ധാരണാപത്രത്തിൽ ഒപ്പിടേണ്ടതുണ്ടെന്നും കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു.

ഇതിനുള്ള സംവിധാനം കൈറ്റിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ധാരണാപത്രം അടങ്ങിയ സർക്കാർ ഉത്തരവ് www.kite.kerala.gov.in ൽ ലഭ്യമാണ്.