തിരൂരങ്ങാടി ഖാസി ഹൗസിന്റെ കൈവശാവകാശം വലിയ ജുമുഅത്ത് പള്ളിക്ക് തുടരാമെന്ന് കോടതി

Posted on: June 16, 2019 2:06 pm | Last updated: June 16, 2019 at 2:06 pm


തിരൂരങ്ങാടി: തിരൂരങ്ങാടി ഖാസിമാരുടെ ആസ്ഥാനമായ തിരൂരങ്ങാടി ഖാസി ഹൗസിന്റെ കൈവശാവകാശം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയിൽ നിക്ഷിപ്തമാണെന്ന് തിരൂർ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് വിധിച്ചു.

ഈ വിഷയത്തിൽ ഒ കെ അബ്ദുല്ലക്കുട്ടി മുസ്്‌ലിയാരുടെ വാദം തള്ളിക്കൊണ്ടും നേരത്തെയുള്ള സർക്കാർ ഉത്തരവുകളും പാരമ്പര്യവും ബലപ്പെടുത്തിക്കൊണ്ടുമാണ് കോടതി വിധി.

തിരൂരങ്ങാടി ഖാസിയായി തന്നെ കേരള സർക്കാർ നിയമിച്ചതാണെന്ന ഒ കെ അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെ വാദം നേരത്തെ വിവാദങ്ങളുണ്ടാ ക്കിയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. ഇതിൽ 2018 ജൂലൈയിൽ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഖാസി ഹൗസിന്റെ താക്കോൽ സൂക്ഷിപ്പ് കൈവശാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുവാൻ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന്റെടിസ്ഥാനത്തിൽ സബ്ഡിവിഷനൽ മജിസ്‌ട്രേറ്റ് നടത്തിയ പരിശോധനക്കും തെളിവെടുപ്പുകൾക്കും ശേഷമാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഖാസി ഹൗസിന്റെ താക്കോൽ അതിന്റെ അവകാശികളായ തിരൂരങ്ങാടി പള്ളി കമ്മിറ്റിക്ക് കൈമാറാനും ഉത്തരവിൽ പറയുന്നു.

തന്നെ ഖാസിയായി നിയമിച്ചതിനോ ഖാസി ഹൗസിന്റെ അവകാശത്തിൽ തനിക്ക് പങ്കുള്ളതിനോ അടിസ്ഥാനമായ രേഖകളൊന്നും അബ്ദുല്ലക്കുട്ടി മുസ്‌ലിയാർക്ക് ഹാജരാക്കാനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

എന്നാൽ 1,300 വർഷത്തിലധികം പാരമ്പര്യമുള്ള തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റിയാണ് ഖാസി ഹൗസിന്റെ അധികാരികളെന്നതിന് വിവിധ ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കമ്മിറ്റിക്കു സാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ രേഖകൾ സവിസ്തരം പഠിച്ചാണ് കോടതിയുടെ വിധി. തിരൂരങ്ങാടിയിലെയും സമീപ പ്രദേശങ്ങളിലെയും ഖാസിയായി G. O.(P) No: 8/ 2019. Law ഉത്തരവ് പ്രകാരം ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരിയെ സർക്കാർ നിയമിച്ചതിന്റെ രേഖകളും കാലങ്ങളായി തിരൂരങ്ങാടി ഖാസി ഹൗസിന്റെ ഭൂനികുതി ഒടുക്കിയ രസീതിയും വൈദ്യുതി ബില്ല് അടക്കമുള്ള രസീതികളും കമ്മിറ്റി ഹാജരാക്കിയിരുന്നു.

ഇതെല്ലാം പരിഗണിച്ച് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിക്കാണ് ഖാസി ഹൗസിന്റെ അധികാരമെന്നും വലിയ ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ നിർദേശാനുസരണം നിയമിക്കപ്പെടുന്ന ഖാസിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് വേണ്ടി പള്ളി കമ്മിറ്റി അനുവദിച്ച് നൽകുന്നതാണ് ഖാസി ഹൗസെന്നുമാണ് വിധിയുടെ സാരം.
കോടതി വിധിയുടൈ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം നാലിന് തിരൂരങ്ങാടി ഖാസി ഹൗസിലേക്ക് ഖാസി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരിയെ ആനയിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ പരിസരത്തുള്ള പ്രഥമ ഖാസി അലി ഹസ്സൻ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ പരിപാടികൾക്ക് തുടക്കമാകും. പ്രമുഖ സയ്യിദന്മാരും പണ്ഡിതരും കാരണവൻമാരും സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഖാസി ഹൗസ് കമ്മിറ്റി സെക്രട്ടറി ഹസൻ സഖാഫി വെന്നിയൂർ, വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളായ പി എം പൂക്കുഞ്ഞിക്കോയ തങ്ങൾ, അബ്ദുർറഊഫ് സഖാഫി സികെ നഗർ, സി എച്ച് മുജീബ്‌റഹ്‌മാൻ, ഞാറക്കാടൻ ഹംസ ഹാജി പങ്കെടുത്തു.