‘ഇന്ത്യ – പാക് കോട്ട്’ ധരിച്ച് യൂനിവേഴ്‌സ് ബോസ്‌

Posted on: June 16, 2019 12:41 pm | Last updated: June 16, 2019 at 12:41 pm

ലണ്ടൻ: ഇന്ന് നടക്കാനിരിക്കുന്ന ആവേശകരമായ ഇന്ത്യാ-പാക് മത്സരം ആകാംക്ഷയോടെ വീക്ഷിക്കുന്ന വ്യത്യസ്തനായൊരു ക്രിക്കറ്റ് പ്രേമിയുണ്ട്. ആ ആവേശം അദ്ദേഹം അറിയിച്ചതാകട്ടെ വ്യത്യസ്തമായ ഒരു വേഷം ധരിച്ചാണ്. വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലാണ് ആ വ്യത്യസ്തൻ. ലോകം ഉറ്റുനോക്കുന്ന വാശിയേറിയ മത്സരത്തിന്റെ ആവേശം ഗെയിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തോട് പങ്കുവെച്ചത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പതാകയുടെ നിറങ്ങളടങ്ങിയ കോട്ട് ധരിച്ചാണ് അദ്ദേഹം ക്ലാസിക് മാച്ചിന്റെ ആവേശത്തിനൊപ്പം ചേർന്നത്.

ഗെയിൽ ധരിച്ച കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാക് പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യൻ പതാകയുടെ നിറവുമാണ്. സെപ്തംബർ 20ലെ തന്റെ ജന്മദിനത്തിന് ധരിച്ച സ്യൂട്ടാണിതെന്നാണ് ഗെയിൽ വ്യക്തമാക്കിയത്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങളോട് തനിക്ക് ബഹുമാനവും സ്‌നേഹവുമുണ്ടെന്നും ഗെയിൽ പോസ്റ്റിൽ വ്യക്തമാക്കുന്നു.

ലോകകപ്പിലെ ഏക്കാലത്തെയും ഏറ്റവും വാശിയേറിയ ഏറ്റുമുട്ടലാണ് ഇന്ത്യ – പാക് മത്സരം.