Connect with us

Sports

ചരിത്രം ഏകപക്ഷീയമാണ്

Published

|

Last Updated

കളിയാവേശക്കാരെയും പ്രക്ഷേപണ ഭീമന്മാരെയും സന്തോഷിപ്പിക്കാൻ കഴിയാറുണ്ട്, ഓരോ ഇന്ത്യ- പാക് മത്സരവും. ഇരു ടീമുകൾ ഇന്ന് വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ റൺസുകളെക്കാൾ വീറോടെ ഉയർന്നുപൊങ്ങുക ആ വാണിജ്യ താത്പര്യങ്ങൾ തന്നെയാകും. പാക്കിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറിയ ശേഷം വളരെ അപൂർവമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. അങ്ങനെ ചരിത്രം കരുതിവെച്ച ആ മണിക്കൂറുകളാണ് ഇന്ന് പിറക്കുന്നത്.

ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത് ആറ് തവണ മാത്രം. ആറ് തവണയും വിജയം ഇന്ത്യക്കൊപ്പം. അതാണ് ചരിത്രം. ആ വഴിയിലൂടെ പോകുമ്പോൾ കാണാം കായികപ്പോരിന്റെ ആവേശം. അതിങ്ങനെ:

1992

ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരമുള്ള ആദ്യ മത്സരത്തിനിങ്ങി. 1978 മുതൽ ഏകദിന മത്സരത്തിൽ കൊമ്പുകോർക്കുന്നുണ്ടെങ്കിലും ലോകകപ്പിൽ ആദ്യ മത്സരം. മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിൽ ഇന്ത്യ. ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ. മത്സരം 43 റൺസിന് ഇന്ത്യ സ്വന്തമാക്കി. പക്ഷേ, ആ വർഷം കപ്പുയർത്തിയത് പാക്കിസ്ഥാനായിരുന്നു എന്നത് മറ്റൊരു ചരിത്രം.

1996

ഇന്ത്യയിലെ ചിന്നസ്വാമി സ്റ്റേഡിയമായിരുന്നു വേദി. ടി20 മത്സരങ്ങൾ ആവിർഭവിക്കുന്നതനും മുമ്പ് പാക്കിസ്ഥാന്റെ വെടിച്ചീള് ബൗളർ വഖാർ യുനിസിനെ അടിച്ചുപരത്തി അജയ് ജഡേജ താരമായ മത്സരം. 25 പന്തിൽ നിന്ന് 45 റൺസ് അടിച്ചെടുത്ത ജഡേജയുടെ പിൻബലത്തിൽ ഇന്ത്യ പടുത്തുയർത്തിയ 287ന്റെ ലക്ഷ്യം പാക്കിസ്ഥാന് 248ൽ അവസാനിപ്പിക്കേണ്ടിവന്നു. ഇന്ത്യക്ക് 39 റൺസ് ജയം.

Also Read: പോരില്ല, സൗഹൃദം മാത്രം

1999

ഇന്നിറങ്ങുന്ന അതേ ഓൾഡ് ട്രഫോർഡിലാണ് മത്സരം. വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച പന്തേറുകാരിലൊരാളുടെ താരോദയം. 27 റൺസ് മാത്രം വഴങ്ങി വെങ്കിടേഷ് പ്രസാദ് അഞ്ച് വിക്കറ്റുകൾ കൊയ്ത സൂപ്പർ സിക്‌സ് മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ ജയം. ഇന്ത്യ- പാക് ബന്ധം സംഘർഷ ഭരിതമായ കാലമായിരുന്നതിനാൽ മൈതാനത്തിനകത്തും പുറത്തും വലിയ കാവലായിരുന്നു. പക്ഷേ, അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

2003

പാക്കിസ്ഥാന്റെ റാവൽപ്പിണ്ടി എക്‌സ്പ്രസ്- ശുഐബ് അക്തർ, സച്ചിൻ തെണ്ടുൽക്കറിന്റെ ബാറ്റിൽ തട്ടി പാളം തെറ്റിയ മത്സരം. പാക്കിസ്ഥാന്റെ 273 എന്ന ടോട്ടലിനെതിരെ സച്ചിൻ സംഭാവന ചെയ്ത 98 കൊണ്ട് ഇന്ത്യ മറികടക്കുന്നു. സെഞ്ചൂറിയനിൽ ആറ് വിക്കറ്റ് ജയം.

അന്ന് മത്സരം ശേഷം പാക് ക്രിക്കറ്റ് ബോർഡ് മേധാവി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു- സച്ചിൻ തെണ്ടുൽക്കറിലൂടെയാണ് ഇന്ത്യ ഞങ്ങളെ നിഷ്പ്രഭരാക്കിയത്. മത്സരം നഷ്ടപ്പെട്ടതിൽ നിരാശയില്ല.

2011

ലോകകപ്പിന് ഇന്ത്യ കൂടി ആതിഥ്യമരുളിയപ്പോൾ മൊഹാലിയിലായിരുന്നു ആ മത്സരം. സെമിഫൈനൽ! സച്ചിനെ ഭാഗ്യം ഇത്രത്തോളം തുണച്ച മത്സരം വേറെയുണ്ടാകില്ല. വ്യക്തിഗത സ്‌കോർ 27, 45, 70, 81 എന്നീ ഘട്ടങ്ങളിൽ നിൽക്കുമ്പോൾ ലഭിച്ച് ലൈഫ് സച്ചിനെ 85 റൺസ് വരെ മാത്രമേ എത്തിച്ചുള്ളൂ എങ്കിലും പാക്കിസ്ഥാനെ 29 റൺസിന് തോൽപ്പിച്ച്, ഫൈനലിൽ ശ്രീലങ്കയെയും മറികടന്ന് കപ്പുയർത്തി. രണ്ടാം കിരീടം.

2015

വിരാട് കോലിയുടെ താരോദയം. മുഹമ്മദ് ഇർഫാന്റെ ആക്രമണത്തെ അനായാസം നേരിട്ട കോലി സെഞ്ച്വറി നേടുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് തികച്ചിരുന്നു. കുരുക്കഴിക്കാനിറങ്ങിയ പാക്കിസ്ഥാൻ പക്ഷേ, 224 റൺസിന് കീഴടങ്ങി. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തുടർച്ചയായ ആറാം ജയം.

2019

മാഞ്ചസ്റ്ററിൽ ഇന്ന് ഇന്ത്യ- പാക് ഏഴാം മത്സരം.

ഇന്ത്യ

ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ഇന്ത്യയുടെ ബൗളിംഗ് നിര ശക്തം. ബാറ്റിംഗില്‍ ശിഖര്‍ ധവാന്റെ പരുക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ ആശങ്കകളൊന്നുമില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും എം എസ് ധോണിയും അടങ്ങുന്ന നിര ബാറ്റിംഗ് മികവിലേക്ക്.


പാക്കിസ്ഥാൻ

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാമുണ്ട് പാക്കിസ്ഥാന്. ബാറ്റിംഗില്‍ ബാബര്‍ അസം, ബൗളിംഗില്‍ മുഹമ്മദ് ആമിര്‍ എന്നിവരുടെ കരുത്ത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്തത് ആമിറായിരുന്നു. ഓസീസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ പേസ് ആക്രമണം നേരിടാന്‍ കരുത്തുള്ള ബാറ്റ്‌സ്മാനാണ് ബാബർ അസം. ഹഫീസ്, ശുഐബ് മാലിക് തുടങ്ങിയവരും മികച്ച ഫോമിൽ.

കാലാവസ്ഥ

മാഞ്ചസ്റ്ററില്‍ ചെറിയതോതില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ മഴമേഘങ്ങള്‍ കളിയുടെ ജയപരാജയം നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂടിക്കെട്ടിയ കാലവസ്ഥയില്‍ ടോസ് നിര്‍ണായകമാകും.

പിച്ച്

ബാറ്റിംഗ് പിച്ചാണ് മാഞ്ചസ്റ്ററിലേതെന്നാണ് വിലയിരുത്തൽ. സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുമെന്നത് ഇരു ടീമുകള്‍ക്കും ആശ്വാസം. പന്ത് പഴകുമ്പോള്‍ പിച്ചിൽ നിന്ന് റിവേഴ്‌സ് സ്വിംഗും ലഭിച്ചേക്കാം. പുതിയ പന്തില്‍ സ്വിംഗ് ലഭിച്ചേക്കില്ല.

പോയിന്റ്

ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയന്റാണ് ഇന്ത്യക്കുള്ളത്. നാല് കളികളില്‍ നിന്ന് മൂന്ന് പോയന്റാണ് പാക്കിസ്ഥാന്.

Latest