Sports
ആറിൽ ആറും നേടി ഇന്ത്യൻ വീര്യം; പാക്കിസ്ഥാനും പറയാനുണ്ട്

അയൽക്കാർ കളിക്കുമ്പോള്‍
മാഞ്ചസ്റ്റർ: സാഹോദര്യത്തിന്റെ ദീർഘകാല പാരമ്പര്യമുണ്ടായിരുന്ന ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഇംഗ്ലണ്ടിലെ ഓൾഡ് ട്രഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ മുഖാമുഖം വരികയാണ്.
ക്രിക്കറ്റ് ലോകം ചാർത്തിക്കൊടുത്ത “ചിരവൈരികൾ” എന്ന വിശേഷണത്തിന്റെ സമ്മർദം ആവോളമുണ്ട് ഇരു ടീമുകൾക്കും.
ബൗണ്ടറിയെന്ന ഒറ്റ നിയന്ത്രണ രേഖകക്കകത്ത് കളിക്കാനിറങ്ങുമ്പോൾ പക്ഷേ, രാഷ്ട്രീയ കാലാവസ്ഥ നല്ലതല്ല. “കളിയിൽ രാഷ്ട്രീയത്തിനെന്ത്?” എന്ന ചോദ്യം ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമ്പോൾ അപ്രസക്തമായിട്ട് കാലമേറെയായി. ദക്ഷിണേഷ്യൻ അയൽക്കാർ അതിർത്തിക്കിരുപുറമിരുന്ന് സൈനിക ബലം കൊണ്ട് വെല്ലുവിളിക്കുമ്പോൾ, വെടിയൊച്ചകളെക്കാൾ ഉച്ചത്തിൽ ഇന്ന് ഓൾഡ് ട്രഫോർഡിൽ ആരവമുയരും- അത് ക്രിക്കറ്റ് പ്രേമികളുടെ കളിയാവേശത്തിന്റേതായിരിക്കും.
ലോകം കേളീമൈതാനമാകുന്നു. ഇവിടെ പ്രബല വൈരികളില്ല, ആണവ വെല്ലുവിളികളില്ല. മിന്നലാക്രമണങ്ങളില്ല. ഇന്ത്യയും പാക്കിസ്ഥാനും മാത്രം. വിജയം തേടിയിറങ്ങിയ രണ്ട് ടീമുകൾ മാത്രം.
പോരില്ല, സൗഹൃദം മാത്രം
ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്നത് സാധാരണ കളി മാത്രമാണ്. എല്ലാവരും വരിക, നമുക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാം- ഇന്ത്യൻ ടീമിനൊപ്പം ലോകം ചുറ്റുന്ന വലിയ ആരാധകപ്പടയായ ഭാരത് ആർമിയുടെതാണ് ഈ അഭിപ്രായം. 26,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഓൾഡ് ട്രോഫോർഡ്. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഈ ലോകകപ്പിൽ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം പതിനൊന്നായിരത്തോളം ഇന്ത്യൻ ആരാധകരാണ് എത്തിയിട്ടുള്ളത്. ഇവരെല്ലാം തന്നെ ഇന്ന് മാഞ്ചസ്റ്ററിലുണ്ടാകും. 1999ൽ ഇതേ ഗ്രൗണ്ടിൽ നടന്ന ഇന്ത്യ- പാക് ഏറ്റുമുട്ടലിന് പിന്നാലെയാണ് ഭാരത് ആർമി എന്ന പേരിൽ ഇന്ത്യയുടെ ആരാധകപ്പട രൂപം കൊണ്ടത്.

പാക് ടീം ഫാൻ മുഹമ്മദ് ബശീറും ഇന്ത്യൻ ടീം ഫാൻ സുധീർ ഗൗതമും മാഞ്ചസ്റ്ററിൽ
ഇന്ന് ഗ്യാലറിയിലെത്തുന്ന പതിനൊന്നായിരം ആളുകൾ 23 രാജ്യങ്ങളിൽ നിന്നാണ്. ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള പ്രാർഥന മാത്രം മതി, ഇന്നത്തെ മത്സരം മഴ തുലയ്ക്കാതിരിക്കാൻ- ഭാരത് ആർമിയുടെ സ്ഥാപകൻ രാകേഷ് പട്ടേൽ പറഞ്ഞു. ലോകവ്യാപകമായി സംഘടനക്ക് മൂന്ന് ലക്ഷത്തിലേറെ അംഗങ്ങളുണ്ടെന്നാണ് പട്ടേൽ പറയുന്നത്. ഇന്ന് മാഞ്ചസ്റ്ററിൽ നടക്കുന്നത് ഭാരത് ആർമിയുടെ 20 വാർഷികമാണ്. ഇതിലേക്ക് പാക്കിസ്ഥാൻ ആരാധകരെയും ക്ഷണിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു.