ക്രിക്കറ്റ് യുദ്ധമല്ല, കളിയാണ്; യുദ്ധമായി കാണുന്നവര്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നില്ല- വസീം അക്രം

Posted on: June 16, 2019 8:41 am | Last updated: June 16, 2019 at 1:28 pm

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുമ്പോള്‍ ആരാധകരോട് അഭ്യര്‍ഥനയുമായി മുന്‍ പാക് ക്രിക്കറ്ററും ഇതിഹാസ താരവുമായ വസീം അക്രം. സമാധാനപരമായി മത്സരത്തെ കാണണമെന്നും ഈ മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ലോകക്പ്പ് പോരാട്ടം നടക്കാനിരിക്കെയാണ് അക്രമിന്റെ പ്രതികരണം.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന അഭിപ്രായമാണ് ഇന്ത്യയില്‍ നിന്നും ഉമ്ടായത്. കോടിക്കണക്കിനാളുകളുടെ മുമ്പില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റില്‍ വലിയ കാര്യമാണ്. അതുകൊണ്ട് ഇരു ഫാന്‍സിനോടും എനിക്കു പറയാനുള്ളത്, സമാധാനത്തോടെ മത്സരം ആസ്വദിക്കുക എന്നതാണ്. ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണരുതെന്നും അക്രം പറഞ്ഞു.

ഇന്ത്യയുമായുള്ള മത്സരങ്ങള്‍ എന്നും താന്‍ ആസ്വദിച്ചിരുന്നു. 1992, 1999, 2003 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ കളിച്ചപ്പോഴെല്ലാം തനിക്ക് കളിയില്‍ കൂടുതലുള്ള ഒരു വികാരവും ഇല്ലായിരുന്നുവെന്നും അക്രം കൂട്ടിച്ചേര്‍ത്തു.
ലോകപ്പില്‍ രണ്ട് തവണ ഇന്ത്യയും ഒരു തവണ പാക്കിസ്ഥാനും കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഇരു ടീമും ആറ് ലോകകപ്പില്‍ പരസ്പരം ഏറ്റുമുട്ടിയെങ്കിലും ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.