പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം; പ്രവേശനം 18 വരെ

Posted on: June 15, 2019 12:08 pm | Last updated: June 15, 2019 at 10:11 pm

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ ജൂണ്‍ 17ന് രാവിലെ 10 മുതല്‍ ജൂണ്‍ 18ന് വൈകിട്ട് നാല് വരെയുള്ള സമയപരിധിക്കുള്ളില്‍ സ്ഥിരപ്രവേശനം നേടണമെന്ന് ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജൂണ്‍ 19ന് അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 82,305 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 1,45,955 അപേക്ഷകളില്‍ 1,43,917 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 971 അപേക്ഷകളും സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ നടത്താത്ത 1,067 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.

സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചത്.