മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന; എസ് എസ് എഫ് കലക്ട്രേറ്റ് മാര്‍ച്ചില്‍ വിദ്യാര്‍ഥി പ്രതിഷേധമിരമ്പി

Posted on: June 15, 2019 1:01 pm | Last updated: June 15, 2019 at 10:43 pm
മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനകള്‍ക്കെതിരെ മലപ്പുറം കലക്ട്രേറ്റിലേക്ക് എസ് എസ് എഫ് നടത്തിയ മാര്‍ച്ച്‌

കോഴിക്കോട്: മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ അവസരങ്ങളൊരുക്കാതെ കാലങ്ങളായി ഭരണകൂട പങ്കാളിത്തത്തോടെ തുടരുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ വിവിധ കലക്ടറേറ്റുകളിലേക്ക് എസ് എസ് എഫ് നടത്തിയ വിദ്യാര്‍ഥി പ്രതിഷേധം അധികാരികള്‍ക്ക് താക്കീതായി.

കാസര്‍ഗോഡ് കണ്ണൂര്‍, കോഴിക്കോട് മലപ്പുറം, പാലക്കാട്, വയനാട് തുടങ്ങിയ മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു മുതല്‍ ഉയര്‍ന്ന പഠനാവസരങ്ങള്‍ നിഷേധിക്കുന്നതിനെതിരായാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സംഗമിച്ച് പ്രതിഷേധം ഉയര്‍ത്തിയത്.

എസ് എസ് എഫ് കോഴിക്കോട് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

പ്ലസ് വണ്‍ സീറ്റില്‍ മലബാര്‍ ജില്ലയോട് കാണിച്ച വിവേചനത്തിനെതിരെ വിദ്യാര്‍ഥികളുടെ ഒപ്പുശേഖരണവും കലക്ടര്‍ക്കുള്ള നിവേദന സമര്‍പ്പണവും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള അധികാരികളെ നേരിട്ട് സമീപിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയത്. കനത്ത മഴയിലും അണയാത്ത വിദ്യാര്‍ഥി പ്രതിഷേധമായിരുന്നു പല ജില്ലകളിലും. ഹയര്‍സെക്കന്‍ഡറി പഠനം ഏറ്റവും അടിസ്ഥാനപരമായ യോഗ്യതയായി പരിഗണിക്കുന്ന പുതിയകാലത്ത് പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവര്‍ക്കാവശ്യമുള്ള കോഴ്സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാനുള്ള അവസരങ്ങളില്ല.

എസ് എസ് എഫ് മലപ്പുറത്ത് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് സംസ്ഥാന ജന.സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ ഉദ്ഘാടനം ചെയ്യുന്നു

കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ മലപ്പുറത്ത് മാത്രം പഠിക്കാന്‍ അവസരമില്ലാതെ പെരുവഴിയിലാണ്. ഇന്നേ വരേയുള്ള സംസ്ഥാനത്തിന്റെ ഭരണത്തില്‍ മലപ്പുറത്തിനകത്തുനിന്നുള്ള പാര്‍ട്ടികളോ ഭരണത്തില്‍ പങ്കാളിത്തമുള്ള മന്ത്രിമാരൊ ഇല്ലാത്ത ഒരു മന്ത്രിസഭയും കേരളത്തില്‍ കഴിഞ്ഞുപോയിട്ടില്ല എന്നിരിക്കെയാണ് ഇത്തരമൊരു സാഹചര്യം. തെക്കന്‍ കേരളത്തിലെ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാര്‍ ജില്ലകളില്‍ സീറ്റില്ലാതെ വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുന്നു.

എസ് എസ് എഫ് പാലക്കാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എം അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു

ഈ സീറ്റുകള്‍ മലബാറിലേക്ക് സ്ഥിരമായി മാറ്റുകയും ഇവിടത്തെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ഇനിയും പ്ലസ്ടു അനുവദിച്ചിട്ടില്ലാത്തിടത്ത് ഉടന്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കണം.

മലബാറിനോടുള്ള വിദ്യാഭ്യസ അവഗണനകള്‍ക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിലേക്ക് എസ് എസ് എഫ് നടത്തിയ മാര്‍ച്ച്

ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിലെ സ്ഥിതി മറ്റൊന്നല്ല. പ്ലസ്ടു ജയിച്ച 47664 വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളപ്പോള്‍ മലബാറിലെ ആകെ ഡിഗ്രി സീറ്റുകള്‍ 20224 മാത്രമാണ്. 217 സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ ആകെ 79 എണ്ണംമാത്രമാണ് മലബാറിലുള്ളത്.

ഇഫ്‌ലു ക്യാമ്പസ് എടുത്തൊഴിവാക്കപ്പെട്ടതും അലിഗഡ് ഓഫ് ക്യാമ്പസ് പരിതാപകരമായ അവസ്ഥയില്‍ തുടരുന്നതും അവഗണനയുടെ നേര്‍ചിത്രമാണ്. ആകെ 17 യൂണിവേഴ്സിറ്റികളില്‍ 5, 185 എഞ്ചിനിയറിംഗ് കോളേജില്‍ 45, 32 മെഡിക്കല്‍ കോളേജില്‍ 11, 5 ഹോമിയോ കോളേജില്‍ 1, 32 ലോകോളേജില്‍ 11 എന്നിങ്ങനെയാണ് മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗം. ഇതിന് മാറ്റം വരണമെന്നും അല്ലാത്തപക്ഷം തുടര്‍ സമരപരിപാടികളുമായി എസ് എസ് എഫ് മുന്നോ്ട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

എസ് എസ് എഫ് കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌

മലപ്പുറം എം സ് പി പരിസരത്തു നിന്നു ആരംഭിച്ച മാര്‍ച്ച് പ്രതിഷേധക്കടലായി മാറി. കലക്ടേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. പ്രതിഷേധ സംഗമം എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ പത്തനംതിട്ട മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം കെ മുഹമ്മദ് സ്വഫ്വാന്‍ മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന ജില്ലാ നേതാക്കളായ കെ പി മുഹമ്മദ് ശരീഫ് നിസാമി, ഡോ. ശമീറലി, ശറഫുദ്ദീന്‍ സഖാഫി തേഞ്ഞിപ്പലം, ശുക്കൂര്‍ സഖാഫി മുതുവല്ലൂര്‍, എം ജുബൈര്‍, കെ പി യൂസുഫ്, ഇബ്റാഹിം മുണ്ടക്കല്‍, മുഹമ്മദ് ബുഖാരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കണ്ണൂരില്‍ കലക്ട്രേറ്റ് മാര്‍ച്ച് എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദു റശീദ് നരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോഡ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുനീര്‍ അഹ്ദല്‍, ശക്കീര്‍ എം ടി പി നേതൃത്വം നല്‍കി.

എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച്‌

കണ്ണൂരില്‍ കാല്‍ടെക്സില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ സമാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കെ അബ്ദുര്‍റശീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ശുഐബ് വായാട്,, ശംസീര്‍ കടങ്കോട്, സൈഫുദ്ദീന്‍ പരളശ്ശേരി, മുനവ്വിര്‍ അമാനി, ഷാനിഫ് ഉളിയില്‍ നേതൃത്വം നല്‍കി.

വയനാട് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. എം ടി ശിഹാബുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് ഇര്‍ശാദ്, സഈദ് ഇര്‍ഫാനി,ജസീല്‍ യു കെ, അബൂതാഹിര്‍, നൗഫല്‍ എന്‍ പി, സഹദ് ഖുതുബി, സൈനുദ്ദീന്‍ സഖാഫി, ജമാല്‍ സുല്‍ത്താനി മാര്‍ച്ചിന് നേതൃത്വം നല്‍കി.

പാലക്കാട് ജില്ലാ കലക്ട്രേറ്റിലേക്ക് എസ് എസ് എഫ് നടത്തിയ മാര്‍ച്ച്‌

കോഴിക്കോട് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനവും ജില്ലാ ജനറല്‍ സെക്രട്ടറി ജാബിര്‍ നരോത്ത് മുഖ്യപ്രഭാഷണവും നടത്തി.

പാലക്കാട് സംസ്ഥാന സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബഷീര്‍ മുസ്ലിയാര്‍ തൃശൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാബിര്‍ സഖാഫി , നൗഫല്‍ പാവുകോണം, ഡോ. അലി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനക്കെതിരെ മാര്‍ച്ചില്‍ കുറ്റപത്രം വായിക്കുകയും ജില്ലാഭരണകൂടത്തിന് കൈമാറുകയും ചെയ്തു.