ഇ വി എം: വിശ്വാസ്യത വീണ്ടും സംശയത്തില്‍

Posted on: June 15, 2019 5:01 am | Last updated: June 15, 2019 at 10:26 am

വോട്ടിംഗ് യന്ത്രങ്ങള്‍ തീര്‍ത്തും വിശ്വസനീയമാണെന്നും അതില്‍ കൃത്രിമത്തിന് സാധ്യതയില്ലെന്നുമുള്ള ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ നിരാകരിക്കുന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ വോട്ടിംഗ് യന്ത്ര നിര്‍മാതാക്കളായ ഇലക്ഷന്‍ സിസ്റ്റം ആന്‍ഡ് സോഫ്റ്റ് കമ്പനി (ഇ എസ് ആന്‍ഡ് എസ്) യില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത. സുതാര്യത ഉറപ്പില്ലാത്തതിനാല്‍ കടലാസ് രഹിത വോട്ടിംഗ് യന്ത്രങ്ങളുടെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുകയാണത്രെ. കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ടോം ബര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. കടലാസ് രഹിത വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പും വ്യാജ വോട്ടുകളും സാധ്യമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നു ഉറപ്പ് വരുത്താന്‍ കടലാസ് രശീതികളും രേഖപ്പെടുത്തപ്പെട്ട വോട്ടുകളെക്കുറിച്ച് സത്യസന്ധമായ പരിശോധനയും അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എല്ലാ വോട്ടിംഗ് യന്ത്ര നിര്‍മാണ കമ്പനികള്‍ക്കും ബാധകമായ കര്‍ശന പരിശോധനക്ക് അമേരിക്കന്‍ സെനറ്റ് നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഇ എസ് ആന്‍ഡ് എസ് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍, അവ തീര്‍ത്തും വിശ്വസനീയമാണെന്നു തറപ്പിച്ചു പറഞ്ഞ വ്യക്തിയാണ് ടോം ബര്‍ട്ട്. വോട്ടിംഗ് യന്ത്രങ്ങളില്‍ നുഴഞ്ഞു കയറാന്‍ സാധ്യമാണെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വെച്ച് ഹാക്കര്‍മാര്‍ തെളിയിച്ചിരുന്നു. നാലിനം വോട്ടിംഗ് യന്ത്രങ്ങളില്‍ നുഴഞ്ഞു കയറിയ അവര്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ഥിയെ ‘വിജയിപ്പിച്ചു’ കാണിച്ചു കൊടുത്തു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം സാധ്യമാണെന്ന ഹാക്കര്‍മാരുടെ വാദത്തെ പിന്തുണച്ച് യു എസ് സൈബര്‍ സുരക്ഷാ മേധാവി റോബ് ജോയ്‌സ് രംഗത്തു വരികയും ചെയ്തു. ഇതോടെയാണ് നിലപാട് മാറ്റാന്‍ ടോം ബര്‍ട്ട് നിര്‍ബന്ധിതനായതും കടലാസ് രഹിത യന്ത്രങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ ഇ എസ് ആന്‍ഡ് എസ് കമ്പനി നിര്‍ബന്ധിതമായതും.

അമേരിക്കയിലും ഇന്ത്യയിലും മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളില്‍ വോട്ടിംഗ് മെഷീന്‍ സുതാര്യമല്ലെന്ന് ആരോപണം ഉയരുകയും പരാതി സത്യമെന്നു ബോധ്യപ്പെട്ട് അത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്, വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയവ വോട്ടിംഗ് മെഷീനുകള്‍ നിര്‍ത്തലാക്കിയ രാജ്യങ്ങളാണ്. യു എസിലെ കാലിഫോര്‍ണിയയിലും മറ്റു ചില സംസ്ഥാനങ്ങളിലും വി വി പാറ്റ് ഇല്ലാതെ ഇ വി എം ഉപയോഗിക്കുന്നത് അനുവദനീയമല്ല. മൂന്ന് വര്‍ഷം നീണ്ടു നിന്ന വിശദമായ പഠനത്തിനു ശേഷമാണ് അയര്‍ലന്‍ഡ് വോട്ടിംഗ് യന്ത്രങ്ങള്‍ സുതാര്യമല്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് അത് വേണ്ടെന്നു വെച്ചത്. ഇന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ക്കനുകൂലമായി സംസാരിക്കുന്ന ബി ജെ പി 2010ല്‍ കേന്ദ്രത്തില്‍ പ്രതിപക്ഷത്തായിരിക്കെ അവ സുരക്ഷിതവും സുതാര്യവുമല്ലെന്ന് ശക്തിയായി വാദിക്കുകയും ഹൈദരാബാദ് സ്വദേശിയായ ഹരിപ്രസാദ് എന്ന ടെക്‌നീഷ്യന്റെ സഹായത്താല്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാകുമെന്ന് തെളിയിക്കുകയും ചെയ്തതാണ്. ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി അതിന്റെ സുതാര്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ സമീപ കാലത്തെ തിരഞ്ഞെടുപ്പുകളെല്ലാം സംശയത്തിന്റെ നിഴലിലാണ്. വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമമാണ് പല തിരഞ്ഞെടുപ്പുകളിലും വിജയം തീരുമാനിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ കണ്ട വലിയ അന്തരം ഈ വിശ്വാസത്തിന് ബലമേകുകയും ചെയ്യുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ അന്തരം കൂടുതലും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എണ്ണിയ വോട്ടുകള്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ 13,657 എണ്ണം കൂടുതല്‍ വരും. ബീഹാറില്‍ സി പി ഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെതിരെ ബി ജെ പി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗ് വിജയിച്ച ബെഗുസാരായ് മണ്ഡലത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത് 11,97,512 പേരാണ്. എണ്ണിയപ്പോള്‍ കിട്ടിയത് 12,25,594 എണ്ണവും. 28,082 വോട്ട് കൂടുതല്‍.

ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ ബി ജെ പി സ്ഥാനാര്‍ഥി രവിശങ്കര്‍ പ്രസാദ് വിജയിച്ച ബീഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 9,50,852 ആണെങ്കില്‍ എണ്ണിയപ്പോള്‍ കിട്ടിയത് 9,82,285 വോട്ടുകളാണ്. 31,433 വോട്ടിന്റെ വ്യത്യാസം. ഉത്തര്‍ പ്രദേശിലെ മാതുര, അരുണാചലിലെ പശ്ചിമ അരുണാചല്‍, തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ധര്‍മപുരി, ശ്രീപെരുംപുതൂര്‍, ചെന്നൈ സൗത്ത്, തിരുവള്ളൂര്‍ മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ 7000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തി. ഇതെങ്ങനെ സംഭവിച്ചു? ഒന്നുകില്‍ കള്ളവോട്ട് നടന്നിരിക്കണം. അല്ലെങ്കില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കണം. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ വ്യത്യാസം വരുന്ന സന്ദര്‍ഭം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ കണ്ടെത്തിയ അന്തരം ഗൗരവമേറിയ പ്രശ്‌നമാണെന്നുമാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത് പ്രതികരിച്ചത്.
രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് അടിക്കടി പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ പഴയ ബാലറ്റ് വോട്ടിംഗ് രീതിയിലേക്ക് മടങ്ങിയോ, വി വി പാറ്റുകള്‍ പൂര്‍ണമായി എണ്ണിയോ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകേണ്ടതുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണം ഏറെ വര്‍ധിച്ച ഇന്ത്യയില്‍ ഇത് വോട്ടെടുപ്പ് ഫലപ്രഖ്യാപനത്തിന് അല്‍പം കാലതാമസം വരുത്തുമെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന്റെ അനിവാര്യത വിസ്മരിക്കാവതല്ല.