വീണ്ടും ചിറകു വിടര്‍ത്താനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Posted on: June 14, 2019 11:32 pm | Last updated: June 14, 2019 at 11:32 pm
എമിറേറ്റ്‌സിന്റെ എയ്‌റോ പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രി കാര്യ വകുപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് സാലം ഉബൈദുല്ല, സീനിയര്‍ മാനേജര്‍ അഹമ്മദ് അല്‍ കാമിസ് എന്നിവര്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. ഡോ. ആസാദ് മൂപ്പന്‍, ഐ ബി പി സി ചെയര്‍മാന്‍ സുരേഷ് കുമാര്‍, ജയിംസ് മാത്യു, പി കെ അന്‍വര്‍ നഹ സമീപം.

ദുബൈ: കരിപ്പൂരില്‍ നാലു വര്‍ഷം മുമ്പ് വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് സര്‍വീസ് നിര്‍ത്തിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച്
എമിറേറ്റ്‌സിന്റെ എയ്‌റോ പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രി കാര്യ വകുപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് സാലം ഉബൈദുല്ല, സീനിയര്‍ മാനേജര്‍ അഹമ്മദ് അല്‍ കാമിസ് എന്നിവര്‍, ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. യു എ ഇയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിയോടൊപ്പം ഡോ. ആസാദ് മൂപ്പന്‍, ഐ ബി പി സി ചെയര്‍മാന്‍ സുരേഷ് കുമാര്‍, ജയിംസ് മാത്യു, പി കെ അന്‍വര്‍ നഹ എന്നിവരും ഉണ്ടായിരുന്നു.

റണ്‍വേ പൂര്‍ത്തിയാക്കിയെങ്കിലും എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് അനുവദിച്ച സീറ്റുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനാലാണ് കരിപ്പൂരിലേക്കുള്ള സര്‍വീസ് തുടര്‍ന്ന് നടത്താതിരുന്നത്. കൂടിക്കാഴ്ചയില്‍ പ്രശ്‌ന പരിഹാരമായാല്‍ അത് യു എ ഇ പ്രവാസികള്‍ക്ക് അനുഗ്രഹമാകും. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം പുനര്‍വിന്യാസത്തിലൂടെ അധികമായി ആഴ്ചയില്‍ 2500 സീറ്റുകള്‍ ലഭ്യമാക്കിയാല്‍ ഈ സീസണില്‍ തന്നെ സര്‍വീസ് പുനരാരംഭിക്കാനുള്ള എമിറേറ്റ്‌സിന്റെ സന്നദ്ധത ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഡി ജി സി എയുമായി എത്രയും വേഗത്തില്‍ ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു