Connect with us

Kozhikode

നല്ലത് കിട്ടാനില്ല; മത്സ്യവില കുതിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ട്രോളിംഗ് നിരോധനം കൂടിയായതോടെ മത്സ്യവില കുതിക്കുന്നു. മത്തി 250, അയല 280, അയക്കൂറ 800, ആവോലി -380, നെയ്മീൻ 480-500 എന്നിങ്ങനെയായി മത്സ്യ വില ഉയരുകയാണ്.

ഓരോ ഇനം മത്സ്യത്തിനും കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് നൂറ് രൂപയോളം വർധിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ട്രോളിംഗ് നിരോധനത്തോടെയാണ് മത്സ്യക്ഷാമം അനുഭവപ്പെടാറെങ്കിലും ഇത്തവണ കഴിഞ്ഞ ഒരു മാസത്തോളമായി കടലോരം വറുതിയിലാണ്.

ഇപ്പോൾ, കനത്ത വില കൊടുത്താൽ തന്നെ നല്ല മത്സ്യം കിട്ടാനില്ലാത്ത അവസ്ഥയുമാണ്. ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും പഴക്കമുള്ള മത്സ്യങ്ങളാണിപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. നേരത്തെ 12 ടണ്ണോളം മത്സ്യം കോഴിക്കോട് മാർക്കറ്റിലേക്കെത്താറുണ്ടെങ്കിലും ഇപ്പോൾ കഷ്ടിച്ച് രണ്ട് ടൺ മത്സ്യമേ എത്തുന്നുള്ളൂ.

നിലവിൽ തമിഴ്‌നാട്ടിലും ആന്ധ്രയിലുമടക്കമുള്ള സംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചിരിക്കെ തന്നെയാണ് കേരളത്തിലും നിരോധന കാലയളവ് എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇത് കാരണം കേരളത്തിലേക്ക് ധാരാളമായി മത്സ്യമെത്തുന്ന തമിഴ്‌നാട്ടിലെ മത്സ്യവിപണിയും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, ചെറുതോണികൾ വഴി തമിഴ്‌നാട്ടിലും ആന്ധ്രയിലും പിടിക്കുന്ന മത്സ്യങ്ങളാണിപ്പോൾ വിപണിയിൽ ചെറിയൊരാശ്വാസം.

അതേസമയം, അയൽ സംസ്ഥാനങ്ങളിൽ നാളെ മുതൽ ട്രോളിംഗ് അവസാനിക്കുമെന്നിരിക്കെ മത്സ്യവിപണി ഉണരുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളിലെ ട്രോളിംഗ് നിരോധനം ഉണക്ക മത്സ്യ വിപണിയെയും ബാധിച്ചിട്ടുണ്ട്. ക്ഷാമം ഈ രംഗത്തേയും പിടികൂടിയിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മത്തിക്ക് 100 മുതൽ 120 വരെ സ്രാവിന് 200, അയലക്ക് 120 എന്നിങ്ങനെയാണ് ഇവയുടെ വില.

---- facebook comment plugin here -----

Latest