ഉന്നത ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു; കാണാതായ സിഐയുടെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു

Posted on: June 14, 2019 3:37 pm | Last updated: June 14, 2019 at 8:58 pm

കൊച്ചി: തന്റെ ഭര്‍ത്താവിന് ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നിരുന്നുവെന്ന് കാണാതായ സിഐ നവാസിന്റെ ഭാര്യ ആരിഫ. കള്ളക്കേസെടുക്കാന്‍ ഭര്‍ത്താവിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. വ്യക്തിപരമായ അധിക്ഷേപവും ഏല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥരുടെ പേര് തന്നോട് പറഞ്ഞിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥനുമായി വയര്‍ലസില്‍ തര്‍ക്കമുണ്ടായതായി അദ്ദേഹം തന്നോട് പറഞ്ഞിരുന്നുവെന്നും ആരിഫ പറഞ്ഞു.

നവാസിനെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.