വിമാനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; ബ്ലാക്ക് ബോക്‌സും

Posted on: June 13, 2019 6:23 pm | Last updated: June 13, 2019 at 10:20 pm

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ എ എന്‍ 32 വിമാനം തകര്‍ന്ന് മരിച്ച 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് ഇന്ന് അതിരാവിലെ പരിശോധന നടത്തിയ എട്ടു പേരടങ്ങിയ സംഘമാണ് മൃതദേഹങ്ങളും ബ്ലാക്ക് ബോക്‌സും കണ്ടെടുത്തത്. ഹെലികോപ്ടറുകളിലായിരിക്കും പ്രദേശത്തു നിന്ന് മൃതദേഹങ്ങള്‍ കൊണ്ടുവരിക.

എച്ച് വിനോദ്, ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, കെ കെ മിശ്ര, അനൂപ് കുമാര്‍, എന്‍ കെ ഷരിന്‍, എസ് കെ സിംഗ്, പങ്കജ്, പുടാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ വിനോദ് (തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി), അനൂപ് കുമാര്‍ (അഞ്ചല്‍, കൊല്ലം). ഷരിന്‍ (കണ്ണൂര്‍) എന്നിവര്‍ മലയാളികളാണ്.

ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെച്ചൂക്കയിലേക്കു പറന്നുയര്‍ന്ന ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത എ എന്‍ 32 വിമാനം അര മണിക്കൂറിനു ശേഷം കാണാതാവുകയായിരുന്നു. എട്ട് സേനാംഗങ്ങളും അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാര്‍മേഘങ്ങള്‍ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വ്യോമസേനാ അധികൃതരുടെ പ്രാഥമിക നിഗമനം.