പുതിയ സമര തന്ത്രവുമായി ഡോക്ടര്‍മാര്‍; ഈ സമരം രോഗികളെ വലക്കില്ല; പക്ഷേ ആശുപത്രി അധികൃതര്‍ വലയും

Posted on: June 13, 2019 3:56 pm | Last updated: June 13, 2019 at 3:56 pm

തൊഴിലാളികള്‍ സമരം ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. മുതലാളിയുടെ സമീപനം തങ്ങള്‍ക്ക് എതിരാകുമ്പോള്‍ പണിമുടക്കി പ്രതിഷേധിക്കുന്നതാണ് ഇതിന്റെ പതിവ് രിതി. പണിമുടക്കുവാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. പക്ഷേ ഡോക്ടര്‍മാരെ പോലെയുള്ളവര്‍ ഇത്തരത്തില്‍ പണിമുടക്കിയാല്‍ വലയുന്നത് ആശുപത്രി അധികൃതര്‍ മാത്രമല്ല. പാവപ്പെട്ട രോഗികള്‍ കൂടിയാണ്. യഥാസമയം ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചെന്നു വരെ വരാം. ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമല്ല, പല പണിമുടക്കുകളും ഇത്തരത്തില്‍ പൊതുജനത്തെ കൂടി ബാധിക്കുന്നതാണ്. ഇവിടെയാണ് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സമരം വേറിട്ടുനില്‍ക്കുന്നത്. ജോലി ചെയ്യാതെയല്ല ജോലി ചെയ്തുള്ള പ്രതിഷേധമായിരുന്നു അത്.

കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജിലെ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒന്നടങ്കം പണിമുടക്കാന്‍ തീരുമാനിച്ചു. ഒപി ബഹിഷ്‌കരിച്ചുള്ള സമരമാണ് ആസൂത്രണം ചെയ്തത്. സ്വകാര്യ ആശുപത്രികളും സമരത്തില്‍ പങ്കുചേര്‍ന്നു. എന്നാല്‍ പിയര്‍ലെസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചിന്തിച്ചത് മറ്റൊരു സമരമുറയായിരുന്നു. തൊഴിലെടുത്ത് തന്നെ സമരം ചെയ്യുക. അതായത് ഫീസ് വാങ്ങാതെ രോഗികളെ ചികിത്സിക്കുക. പതിവ് പോലെ ഒപി പ്രവര്‍ത്തിപ്പിക്കുക. രോഗിയില്‍ നിന്ന് ഫീസ് വാങ്ങേണ്ടെന്ന് ഡോക്ടര്‍ തീരുമാനിച്ചാല്‍ നഷ്ടം ആശുപത്രിക്കാണ്. കാരണം ഫീസിന്റെ നല്ലൊരു ഭാഗവും പോകുന്നത് ആശുപത്രിയുടെ അക്കൗണ്ടിലേക്കാണെന്നത് തന്നെ. ഈ ചിന്തയാണ് വ്യത്യസ്തമായ സമരമുറ പരീക്ഷിക്കാന്‍ ഡേക്ടര്‍മാരെ പ്രേരിപ്പിച്ചത്. ‘ഒരു തെറ്റിനെതിനെ മറ്റൊരു തെറ്റ് ചെയ്യാനാകില്ല. അതിനാലാണ് ഈ വഴി സ്വീകരിച്ചതെന്ന് ആശുപത്രി ചീഫ് എക്‌സിക്യുട്ടീവ് സുദീപ മിത്ര പറഞ്ഞു.

പീര്‍ലെസ് ആശുപത്രിയിലെ ഒപി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 30 ഡോക്ടര്‍മാരില്‍ ഭൂരിഭാഗംപേരും സമരത്തില്‍ പങ്കെടുത്തു. രോഗികളില്‍ നിന്ന് ഫീസ് ഇൗടാക്കരുതെന്ന് റജിസട്രേഷന്‍ കൗണ്ടറിലെ ജീവനക്കാര്‍ക്ക് നേരെത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ചില ഡോക്ടര്‍മാര്‍ ഒപി ടിക്കറ്റ് ഇല്ലാതെ തന്നെ നേരിട്ട് രോഗികളെ ചികിത്സിച്ചു. ചുരുക്കം ചിലര്‍ മാത്രം ഫീസ് വാങ്ങി രോഗികളെ കണ്ടതൊഴിച്ചാല്‍ സമരം ഗംഭീരം.

ജപ്പാനിലെ ഒക്കയാമയിലും ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നിയിലും ബ്രിസ്ബനിലും ഇത്തരത്തിലുള്ള സമരം മുമ്പ് നടന്നിട്ടുണ്ട്. ബസ് ഡ്രൈവര്‍മാര്‍ ടിക്കറ്റ് ഈടാക്കാതെ ബസ് ഓടിച്ചാണ് സമരം നടത്തിയത്. ഇവിടെയും നഷ്ടം ബസ് ഉടമക്ക് മാത്രം. പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് മാത്രമല്ല; സമരം അവര്‍ക്ക് ആശ്വാസം കൂടിയാകുകയാണ്. സമരങ്ങള്‍ ഏറെ നടക്കുന്ന കേരളത്തിലെ തൊഴിലാളികള്‍ക്കും ഇത്തരം സമരമുറകള്‍ മാതൃകയാക്കാവുന്നതാണ്. ഈ സമരമുറക്ക് ജനപിന്തുണ ലഭിക്കുമെന്ന് ഉറപ്പ്.