കടലാക്രമണം: വലിയതുറയില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ തീരദേശ വാസികള്‍ തടഞ്ഞു

Posted on: June 13, 2019 1:47 pm | Last updated: June 13, 2019 at 1:47 pm

തിരുവനന്തപുരം: വലിയതുറയിലെ കടലാക്രണം നേരിട്ട്കണ്ട് വിലയിരുത്താനെത്തിയ ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി മത്സ്യ തൊഴിലാളികള്‍ തടഞ്ഞു.
വി എസ് ശിവകുമാര്‍ എം എല്‍ എക്കൊപ്പം സ്ഥലത്തെത്തിയ മന്ത്രിക്ക് നേരെ മുദ്രാവകാ്യങ്ങളുമായാണ് മത്സ്യ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കടല്‍ഭിത്തി നിര്‍മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് മന്ത്രി വാക്ക് നല്‍കിയെങ്കിലും ഇവര്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരില്‍ നിന്നും മന്ത്രിയെ പോലീസ് രക്ഷിച്ചത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 15 വീടുകളാണ് വലിയതുറയില്‍ കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയില്‍ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 300 ഓളം ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കളിമണ്‍ ചാക്കുകളിട്ട് കടല്‍കയറുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.