തട്ടമിട്ട് വന്നതിന് വിദ്യാർഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി

Posted on: June 13, 2019 12:06 pm | Last updated: June 13, 2019 at 3:51 pm


കഴക്കൂട്ടം: തട്ടമിട്ട് സ്‌കൂളിൽ വന്നതിന്റെ പേരിൽ വിദ്യാർഥിനിയെ സ്‌കൂളിൽ നിന്ന് പുറത്താക്കി. കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസിൽ പുതുതായി അഡ്മിഷനെടുത്ത ഷംഹാന ഷാജഹാനെയാണ് ടി സി നൽകി പുറത്താക്കിയത്. ടി സി വാങ്ങിയ വിദ്യാർഥിനി മറ്റൊരു സ്വകാര്യ സ്‌കൂളിൽ പ്രവേശനം നേടി.

ഏഴാം ക്ലാസ് വരെ കവടിയാറുള്ള നിർമല ഭവൻ സ്‌കൂളിലാണ് പഠനം നടത്തിയിരുന്നത്. കഠിനം കുളം പുതുക്കുറിച്ചിയിലേക്ക് താമസം മാറിയതിനെ തുടർന്നാണ് മേനംകുളം ജ്യോതിനിലയം സ്‌കൂളിൽ പ്രവേശനം നേടിയത്. പ്രവേശനം നേടിയ സമയത്തും തട്ടമിട്ടാണ് പോയതെങ്കിലും, തട്ടം ഉപയോഗിക്കാൻ പാടില്ലെന്നൊരു നിയമം ഉള്ളതായി സ്‌കൂൾ അധികൃതർ പറഞ്ഞിട്ടില്ലെന്ന് പിതാവ് ഷാജഹാൻ പറയുന്നു. ക്ലാസ് തുടങ്ങിയ ആദ്യ ദിവസം തന്നെ തട്ടം മാറ്റാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടതായി വിദ്യാർഥിനി പറയുന്നു.

വീട്ടിൽ വന്ന് രക്ഷകർത്താക്കളോട് വിവരം പറയുകയും പിതാവ് പ്രിൻസിപ്പലിനെ കാണുന്നതിന് സ്‌കൂളിലെത്തിയെങ്കിലും പ്രിൻസിപ്പൽ പരാതി കേൾക്കാൻ താത്പര്യം കാണിക്കാതെ ഓഫീസിൽ നിന്ന് ടി സി വാങ്ങാനാണ് ആവശ്യപ്പെട്ടത്.

ടി സിക്കുള്ള അപേക്ഷയിൽ തട്ടം ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലാണ് സ്‌കൂൾ മാറുന്നതിനുള്ള കാരണമായി രേഖപ്പെടുത്തിയിരുന്നതെങ്കിലും അത് തിരുത്തി മെച്ചപ്പെട്ട സൗകര്യത്തിനായി സ്‌കൂൾ മാറുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂൾ അച്ചടക്കത്തിന്റെ ഭാഗമായിട്ടാണ് തട്ടം ഇടാൻ അനുവാദം നൽകാത്തതെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

ഈ സ്‌കൂളിനെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതായും സമീപപ്രദേശങ്ങളിലെ സി ബി എസ് ഇ സ്‌കൂളിൽ ഇല്ലാത്ത നിയമങ്ങളാണ് ഈ സ്‌കൂളിൽ ഉള്ളതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.