ചുഴലികാറ്റല്ല എന്ത് മുന്നറിയിപ്പുണ്ടായാലും സോംനാഥ് ക്ഷേത്രം പൂട്ടില്ലെന്ന് ഗുജറാത്ത് മന്ത്രി

Posted on: June 13, 2019 12:03 pm | Last updated: June 13, 2019 at 3:02 pm

ന്യൂഡല്‍ഹി: ‘വായു’ ചുഴലിക്കാറ്റല്ല എന്ത് തന്നെ സംഭവിച്ചാലും ഗുജറാത്തിലെ സോംനാഥ് ക്ഷേത്രം അടച്ചിടാന്‍ പറ്റില്ലെന്ന് ഗുജറാത്ത് മന്ത്രി ഭൂപേന്ദ്രസിങ് ചുധാസമ.
സോംനാഥ് ക്ഷേത്ര പരിസരത്ത് അടക്കം തീരദേശത്ത് നിന്നും മുഴുവന്‍ ജനങ്ങളും മാറണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നിരന്തരം പുറപ്പെടുവിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.

ക്ഷേത്രം അടച്ചിടാന്‍ പറ്റില്ല. വേണമെങ്കില്‍ വിദേശികളോടും സന്ദര്‍ശകരോടും വരരുത് എന്ന് പറയാം. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ നടത്തുന്ന ആരതി തടസ്സപ്പെടുത്താന്‍ സാധിക്കില്ല. ഇത് ഒരു പ്രകൃതി ദുരന്തമാണ്. അതിനെ ആര് വിചാരിച്ചാലും തടുക്കാന്‍ സാധിക്കില്ല. പ്രകൃതിക്ക് തന്നെയേ അതിനെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ ആരാണ് അതിനെ തടഞ്ഞുനിര്‍ത്താനെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും സോംനാഥ് ക്ഷേത്രത്തിന് മുന്നിലുള്ള നടപ്പന്തലിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.