മുത്വലാഖ്: പുതിയ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം

Posted on: June 12, 2019 9:42 pm | Last updated: June 12, 2019 at 11:43 pm

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധനവുമായി ബന്ധപ്പെട്ട പുതിയ ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ കാബിനറ്റ് യോഗത്തില്‍ തന്നെ ബില്‍ അവതരണം പരിഗണനക്കെടുക്കുകയും അംഗീകാരം നല്‍കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിനു പകരമായിട്ടാണ് പുതിയ ബില്‍ അവതരിപ്പിക്കുക.

പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. നേരത്തെ ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞിരുന്നില്ല. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിയാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടുന്നതിനുള്ള ബില്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കി. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അധ്യാപക കേഡര്‍ സംവരണ ബില്‍ 2019, ജമ്മു കശ്മീര്‍ സംവരണ പരിഷ്‌കരണ ബില്‍, ആധാര്‍ ജനസൗഹൃദമാക്കുന്നതിനുള്ള ബില്‍ തുടങ്ങിയവ അവതരിപ്പിക്കുന്നതിനും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.