ഭക്ഷണം വിതരണം ചെയ്യാന്‍ ഡ്രോണ്‍; വിജയകരമായി പരീക്ഷിച്ച് സൊമാറ്റോ

Posted on: June 12, 2019 8:19 pm | Last updated: June 12, 2019 at 8:45 pm

മുംബൈ: എന്തും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന കാലമാണിത്. ഉപകരണങ്ങളും വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമല്ല ഭക്ഷണവും ഇന്ന് ഓണ്‍ലൈനിലാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ഭക്ഷണപ്പൊതികളുമായി നഗരത്തിലൂടെ ചീറിപ്പായുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയികള്‍ നിത്യകാഴ്ചയായികഴിഞ്ഞു. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ഒരുപക്ഷേ നിങ്ങളിലെത്തിക്കുന്നത് ഈ ഡെലിവറി ബോയികള്‍ ആയിരിക്കില്ല. ഭക്ഷണവിതരണത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള ആലോചനയിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ഡ്രോണ്‍ വഴി ആവശ്യക്കാരനില്‍ എത്തിക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ചതായി കമ്പനി അവകാശപ്പെട്ടു.

കഴിഞ്ഞയാഴ്ചയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം കമ്പനി പരീക്ഷിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി പ്രകാരമായിരുന്നു ഇത്. ഡിജിസിഎ അനുവദിച്ച ഒരു വിദൂര സ്ഥലത്ത് വെച്ചായിരുന്നു പരീക്ഷണം. ഡ്രോണ്‍ പറത്തുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മാനദണ്ഡപ്രകാരം കണ്‍സോര്‍ഷ്യം ഉടന്‍ രൂപീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണ വിതരണം നടത്തുന്നതിന് ലക്‌നൗ ആസ്ഥാനമായ ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പ് ടെക്ഈഗിളിനെ മാസങ്ങള്‍ക്ക് മുമ്പ് സൊമാറ്റോ ഏറ്റെടുത്തിരുന്നു. വിതരണ സമയം കുറയക്കുക, അന്തരീക്ഷ മലിനീകരണം, ട്രാഫിക് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ചിന്തകളോടെയായിരുന്നു ഈ ശ്രമം. ഇതിപ്പോള്‍ വിജയം കണ്ടിരിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ഭക്ഷണ വിതരണത്തിന് ചുരുങ്ങിയത് അര മണിക്കൂര്‍ സമയമാണ് എടുക്കുന്നത്. ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ ഇത് 15 മിനുട്ടായി കുറയ്ക്കാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു. കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സൊമാറ്റോയുടെ സേവനം ലഭ്യമാണ്.

ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ പോലുള്ള കമ്പനികള്‍ സാധനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്.