കോഴിക്കോട്-തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി: ഇ ശ്രീധരനുമായി വ്യാഴാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തും

Posted on: June 11, 2019 9:02 pm | Last updated: June 12, 2019 at 9:53 am

തിരുവനന്തപുരം: കോഴിക്കോട്-തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഇ ശ്രീധരനുമായി വ്യാഴാഴ്ച ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി, പൊതു മരാമത്തു മന്ത്രി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വയനാട് ചുരം ബദല്‍ റോഡ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചാവിഷയമാകും.

വയനാട് ചുരം ബദല്‍ റോഡിന്റെ കാര്യത്തില്‍ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയെ ചുമതലപ്പെടുത്തണമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി ആര്‍ എം സി) ശിപാര്‍ശ ചെയ്തിട്ടുണ്ട്. ചുരം റോഡിന് സമീപത്തു കൂടി തുരങ്കങ്ങളുണ്ടാക്കിയുള്ള ബദല്‍ പാത നിര്‍മിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍, ഇതിനുള്ള സര്‍വേ ഇതുവരെ തുടങ്ങിയിട്ടില്ല.