ആന്റണിക്കെതിരായ സൈബർപോര്; അമ്പരന്ന് കോൺഗ്രസ് നേതൃത്വം

Posted on: June 11, 2019 8:17 am | Last updated: June 11, 2019 at 12:25 pm

തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസിനുണ്ടായ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ലക്ഷ്യമിട്ട് നടക്കുന്ന സൈബർപോരിൽ അമ്പരന്ന് കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്ഗലോട്ടിനെയും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെയും എ ഐ സി സി യോഗത്തിൽ രാഹുൽഗാന്ധി പേരെടുത്ത് വിമർശിച്ച് രണ്ടാഴ്ച്ച പിന്നിട്ട ശേഷമാണ് മുതിർന്ന നേതാവ് ആന്റണിക്കെതിരായ സംഘടിത നീക്കം. വിവിധ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ആന്റണി ദയനീയമായി പരാജയപ്പെട്ടെന്നാണ് പ്രധാന വിമർശം. സഖ്യചർച്ചകൾ ലക്ഷ്യം കാണാതെ പോയത് ആന്റണിയുടെ ഇടപെടൽ മൂലമാണെന്ന വികാരമാണ് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പങ്കുവെക്കുന്നത്. എ ഐ സി സി അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടിൽ രാഹുൽഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ആന്റണി ഈ പദവിയിലേക്കെത്തുമെന്ന അഭ്യൂഹമാണ് വിമർശത്തിന് പിന്നിലെന്നാണ് സൂചന. കാലാവധി കഴിയുന്ന മുറക്ക് ഇനി രാജ്യസഭയിലേക്ക് മത്സരിക്കുന്നത് ഒഴിവാക്കാനുള്ള നീക്കമായും വിലയിരുത്തുന്നു.

പ്രത്യേകിച്ച് ഏതെങ്കിലും കേന്ദ്രത്തിൽ നിന്നല്ലാതെ വ്യാപകമായി ഉയരുന്ന വിമർശം കോൺഗ്രസ് നേതൃത്വത്തേയും അമ്പരപ്പിച്ചിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ സഖ്യചർച്ചകൾ വിജയം കാണാതെ പോയത് ആന്റണിയുടെ പിടിപ്പ് കേട്മൂലമാണെന്നാണ് വിമർശം. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായും യു പിയിലും മഹാസഖ്യത്തിലും കോൺഗ്രസ് സഖ്യചർച്ചകൾ നടത്തിയിരുന്നു.

പശ്ചിമബംഗാളിൽ ഇടത് പാർട്ടികളുമായി സഖ്യസാധ്യത പരിഗണിക്കാൻ പോലും തയ്യാറായില്ല. ആന്ധ്രപ്രദേശിൽ വൈ എസ് ആർ കോൺഗ്രസുമായും തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവുമായും ധാരണക്ക് ശ്രമിച്ചില്ല. കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് ഇത് ആക്കം കുട്ടിയെന്നാണ് വിമർശം.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ പ്രിയങ്കാഗാന്ധിയും രംഗത്ത് വന്നിരുന്നു. രാഹുൽ ഉന്നയിച്ച റാഫേൽ അടക്കമുള്ള വിഷയങ്ങൾ മറ്റുനേതാക്കൾ ഏറ്റെടുത്തില്ലെന്ന പരാതിയും പ്രിയങ്ക ഉയർത്തിയിരുന്നു. ഇതിന്റെയെല്ലാം ചുവട് പിടിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചതിൽ എതിർപ്പുള്ള നേതാക്കളും ആന്റണിക്കെതിരായ നീക്കത്തിന് പിന്നിലുണ്ടെന്നാണ് വിവരം. രാഹുൽ കേരളത്തിൽ മത്സരിച്ചത് ഉത്തരേന്ത്യയിൽ തിരിച്ചടിച്ചെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് വീരപ്പമൊയ്‌ലി ഈ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. രാഹുലിനെ വയനാട്ടിൽ മത്സരിപ്പിച്ചത് ആന്റണി മുൻകൈയെടുത്തായിരുന്നു. ഇതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ആന്റണിക്കെതിരായ പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ മുതിർന്ന നേതാക്കളെല്ലാം മൗനം പാലിച്ചതും ശ്രദ്ധേയമാണ്. ആന്റണിയുടെ മകൻ തന്നെയാണ് ആദ്യം പ്രതിരോധവുമായി രംഗത്തുവന്നത്. സഖ്യചർച്ചകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ വിശദീകരിച്ചാണ് ആന്റണിയുടെ മകൻ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് ഇട്ടത്. നേതാക്കളുടെ മൗനവും ചർച്ചയായതോടെ ആന്റണിയെ പിന്തുണച്ച് അവരും രംഗത്തുണ്ട്.

ആന്റണിക്കെതിരായ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആന്റണിക്കെതിരായ നീക്കങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിയിൽ മാത്രം കെട്ടിവെക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ആന്റണിക്കെതിരായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. ആന്ധ്രാപ്രദേശിലെ മുണണി രൂപവത്കരണത്തിൽ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപവത്കരണത്തിനുള്ള പൂർണ സ്വാതന്ത്ര്യം ആന്ധ്രാ പി സി സിക്ക് കോൺഗ്രസ് അധ്യക്ഷൻ നൽകിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതിൽ ആന്റണിയോ ഹൈക്കമാൻഡോ ഒരു തരത്തിലും ഉത്തരവാദികളല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.