യുവ വ്യവസായി ഡോ ഷംഷീർ വയലിലിനു യു എ ഇയുടെ ആജീവനാന്ത വീസ

Posted on: June 11, 2019 11:54 am | Last updated: June 11, 2019 at 11:54 am
അബുദാബി: യു എ ഇയിൽ സ്ഥിരത്തമാസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ് വീസ യുവ വ്യവസായിയും, വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ ഷംഷീർ വയലിലിനു ലഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ്‌
അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്പോര്ട് നൽകിയത്.
ഗോൾഡ് കാർഡ് വീസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ ഷംഷീർ വയലിൽ. യു എ ഇയിൽ 100 ബില്യണിൽ അധികം മൂല്യമുള്ള നിക്ഷേപകർക്കാണ് ഗോൾഡ് കാർഡ് വീസ നൽകുന്നത്. ഗോൾഡ് കാർഡ് വീസ ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോൾഡ് കാർഡ് വീസ അനുവദിച്ച യു എ ഇ സർക്കാരിനോടും ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി. യു എ ഇയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്.
സ്ഥിരതാമസത്തിന് അനുമതി നൽകുന്നതോടെ യുഎഇ സർക്കാറും ഭരണാധികാരികളും നിക്ഷേപകരോടുള്ള സ്നേഹവും കരുതലുമാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്റെ നിക്ഷേപ മേഖല ലോകത്തിനു മുന്നിൽ തുറന്നു കൊടുക്കുന്ന ബൃഹത് പദ്ധതിയാണിത്, ഡോ ഷംഷീർ വയലിൽ പറഞ്ഞു. യുഎഇ,  ഇന്ത്യ തുടങ്ങി ആറിൽ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും, നൂറിൽപരം മെഡിക്കൽ ക്ലിനിക്കുകളും, യുഎഇയിലെ ഏറ്റവും വലിയ ഫർമസ്യൂട്ടിക്കൽ കമ്പനിയുമുള്ള ഹെൽത്ത് കെയർ ഗ്രൂപ്പാണ് വി പി എസ് ഹെൽത്ത് കെയർ.