തനിക്ക് പരിക്കില്ല, എന്തിന് ടീമില്‍ നിന്ന് പുറത്താക്കി; അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ശഹ്സാദ്

Posted on: June 11, 2019 10:54 am | Last updated: June 11, 2019 at 10:55 am


ലണ്ടൻ: ടീമിൽ നിന്ന് പുറത്താക്കിയ ബോർഡിന്റെ നടപടിക്കെതിരെ ശക്തമായ വിമർശവുമായി അഫ്ഗാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ശഹ്‌സാദ്. മുട്ടിന് പരുക്കേറ്റ ശഹ്‌സാദിനെ ടീമിൽ നിന്ന് പിൻവലിച്ച് എട്ടിന് അഫ്ഗാൻ ബോർഡ് ഉത്തരവിറക്കിയിരുന്നു. ഇതേതുടർന്ന് ശഹ്‌സാദിന് ന്യൂസിലാൻഡുമായുള്ള മത്സരത്തിലിറങ്ങാനായില്ല.

താൻ കളിക്കാൻ സജ്ജമാമെന്നും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അറിയില്ലെന്നും ശഹ്‌സാദ് വ്യക്തമാക്കി.

തനിക്കെതിരെ ബോർഡിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയഭേദകമായ തീരുമാനമാണിത്. എന്നെ തിരിച്ചുവിളിക്കുന്നത് മാനേജറും ഡോക്ടറും ക്യാപ്റ്റനും മാത്രമാണ് അറിഞ്ഞത്. കോച്ചിന് പോലും പിന്നീടാണ് ഇതേകുറിച്ച് വിവരം ലഭിച്ചത്. അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ശഹ്‌സാദിന് പരുക്കേൽക്കുന്നത്. അതിന് ശേഷം നടന്ന രണ്ട് കളിയിലും മത്സരിച്ച ശേഷമാണ് ശഹ്‌സാദിനെ തിരിച്ചുവിളിക്കുന്നത്.