കളത്തിനകത്തും പുറത്തും താങ്കളുടെ പോരാട്ടം വിസ്മയാവഹം; യുവിക്ക് ഹൃദ്യമായ ആശംസകള്‍ നേര്‍ന്ന് സച്ചിന്‍

Posted on: June 10, 2019 8:36 pm | Last updated: June 11, 2019 at 10:03 am

മുംബൈ: ‘എത്ര ഗംഭീരമായ കരിയറിനുടമയാണ് യുവീ താങ്കള്‍. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളൊരു ചാമ്പ്യനെ പോലെ അവതരിച്ചു. കളത്തിനകത്തും പുറത്തുമുള്ള ഉയര്‍ച്ചയിലും താഴ്ചയിലുമെല്ലാം താങ്കള്‍ നടത്തിയ പോരാട്ടം വിസ്മയാവഹമാണ്. നിങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ക്രിക്കറ്റിനായി നിങ്ങള്‍ നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദി പറയുന്നു.’- ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തന്റെ പ്രിയ സുഹൃത്ത് യുവരാജ് സിംഗിന് ആശംസകളര്‍പ്പിച്ചു കൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.

2011ല്‍ ഇരുവരും ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയതോടെയാണ് തങ്ങള്‍ എത്രത്തോളം ആത്മബന്ധത്തിലായിരിക്കുന്നു എന്ന് സച്ചിനും യുവിയും തിരിച്ചറിഞ്ഞത്. വിജയത്തിന്റെ ഹര്‍ഷോന്മാദത്തിനു പിന്നാലെയാണ് യുവരാജിന് അര്‍ബുദം ബാധിച്ചതായി സ്ഥിരീകരിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ചികിത്സക്കിടെ ഒരിക്കല്‍ യുവിയെ കണ്ടപ്പോള്‍ തന്റെ ഹൃദയം പൊട്ടിപ്പോയെന്നും ആകെ തകര്‍ന്നു പോയെന്നും സച്ചിന്‍ മുമ്പ് പറഞ്ഞിരുന്നു. യുവരാജിനോട് തന്റെ ഭാര്യ ചികിത്സയുടെ കാര്യങ്ങളെ കുറിച്ച സംസാരിക്കുന്നതു കേട്ടപ്പോഴാണ് എന്തുമാത്രം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്ന് തനിക്കു മനസ്സിലായതെന്ന് യുവിയുടെ ആത്മകഥയായ ‘എന്റെ ജീവിത പരീക്ഷണം; ക്രിക്കറ്റില്‍ നിന്ന് കാന്‍സറിലേക്കും തിരികെയും’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സച്ചിന്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യന്‍ ക്രിക്കില്‍ യുവി എന്ന പേരില്‍ അറിയപ്പെട്ട യുവരാജ് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. 2000 ല്‍ കെനിയക്കെതിരെയായിരുന്നു ഏകദിന ക്രിക്കറ്റില്‍ യുവിയുടെ അരങ്ങേറ്റം. ഇന്ത്യ കിരീടം ചൂടിയ 2007 ലെ ടി20 ലോകകപ്പിലും, 2011ലെ ഏകദിന ലോകകപ്പിലും യുവരാജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ നിറഞ്ഞുനിന്ന യുവരാജ് സിംഗ് ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളിലും, 40 ടെസ്റ്റ് മത്സരങ്ങളിലും, 58 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. ഏകദിനത്തില്‍ 8701 റണ്‍സും, 111 വിക്കറ്റുകളും ടെസ്റ്റില്‍ 1900 റണ്‍സും, ടി20 യില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്.