അദിത്യനാഥിനെതിരായ വീഡിയോ: മാധ്യമപ്രവര്‍ത്തകനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തു;ചാനല്‍ ഓഫീസ് അടച്ചുപൂട്ടി

Posted on: June 10, 2019 11:44 am | Last updated: June 10, 2019 at 1:19 pm

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയക്കെതിരെ പോലീസ് പുതിയ വകുപ്പുകള്‍ ചേര്‍ത്തു. അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് പോലീസിന്റെ നടപടി. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പ്രശാന്തിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു.

വിവാദ വീഡിയോ സംപ്രേഷണം ചെയ്തതിന് നോയിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യവാര്‍ത്ത ചാനലിന്റെ ഓഫീസ് രണ്ട് മാസത്തേക്ക് അടച്ച് പൂട്ടാന്‍ നോയിഡ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റിലാണ്. യോഗി ആദിത്യനാഥുമായി ഒരു വര്‍ഷമായി വീഡിയോ കോള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും കാണ്‍പൂര്‍ സ്വദേശിനി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചതിനാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. വീഡിയോ അപകീര്‍ത്തികരവും അവാസ്തവുമാണെന്ന് കാണിച്ചാണ് അറസ്റ്റ്. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയടക്കം നാല് പേരാണ് അറസ്റ്റിലായത്.