ഖാലിദ് മൂസാ നദ്‌വിയെ ജോലിയിൽ നിന്ന് പുറത്താക്കി

Posted on: June 10, 2019 8:23 am | Last updated: June 10, 2019 at 11:26 am


കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സകാത്ത് ഫണ്ട് ശേഖരിക്കാനുള്ള നീക്കം എതിർക്കുകയും അന്വേഷണ റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തതിന്റെ പേരിൽ നടപടിക്ക് വിധേയനായ ഖാലിദ് മൂസ നദ്‌വിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

സംഘടനയുടെ നിയന്ത്രണത്തിലുള്ള കുറ്റ്യാടി ഇസ്‌ലാമിയ കോളജിൽ നിന്നാണ് നദ്‌വിയെ പുറത്താക്കിയത്. കോളജിന്റെ നിയന്ത്രണമുള്ള കുറ്റ്യാടി റിലീജിയസ് എജ്യുക്കേഷനൽ ട്രസ്റ്റിന്റെതാണ് നടപടി.

നദ്‌വിക്കെതിരെയുള്ള നടപടി ജമാഅത്തെ ഇസ്‌ലാമിക്കകത്ത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീർ വി പി മുഹമ്മദലിയുടെ നേതൃത്വത്തിൽ രൂപം കൊടുത്ത കോളജിൽ 20 വർഷത്തോളമായി അധ്യാപകനാണ് ഖാലിദ് മൂസ നദ്്വി.
ജമാഅത്ത് നേതൃത്വത്തിന്റെ വഴിവിട്ട നീക്കത്തെ എതിർക്കുകയും മാധ്യമം നടത്തിപ്പിലെ അഴിമതിയടങ്ങുന്ന അന്വേഷണ റിപ്പോർട്ട് ചോർത്തുകയും ചെയ്ത ഖാലിദ് മൂസ നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടിയാലോചനാ സഭയായ ശൂറയിൽ നിന്ന് കഴിഞ്ഞ മാസമാണ് നീക്കിയത്.
കെ മൊയ്തു മൗലവിയടക്കമുള്ളവർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇസ്‌ലാമിയ കോളജിൽ ജോലിയിൽ ചേർന്നതെന്ന് നദ്്വി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. എയ്ഡഡ് സ്‌കൂൾ ജോലിയും പിന്നീട് പി എസ് സി വഴി ലഭിച്ച ജോലിയും വേണ്ടെന്ന് വെച്ചാണ് താൻ ഇവിടെ തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.