Connect with us

Articles

മക്കള്‍വാഴ്ച; രാഹുലിന് തിരുത്താനേറെയുണ്ട്‌

Published

|

Last Updated

കടമ്മനിട്ടയുടെ തള്ളക്കോഴി കുഞ്ഞുങ്ങളോടു പറയുന്ന ആ വരികള്‍ കവിതാസ്വാദകര്‍ക്കു പ്രിയപ്പെട്ടവയാണ്.
“തള്ളക്കോഴി പറഞ്ഞു തുടങ്ങി, കൊകോ കൊക്കരക്കോ, എന്നും എന്റെ ചിറകിന്റെ കീഴില്‍ നിന്ന്, നിന്റെ വയറുനിറക്കാം എന്നു തോന്നുന്ന തോന്നലു വേണ്ട, നാളെ നിന്നെ ഞാന്‍ കൊത്തി മാറ്റുമ്പോള്‍, നിന്റെ ജീവിതം നിന്‍ കാര്യം മാത്രം”. ഇതേ കാര്യം തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ ആ പാര്‍ട്ടിയിലെ കുഞ്ഞു കോഴികളോട് പറഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ നേതാക്കന്മാര്‍ എന്നു ഭാവിക്കുന്ന ഈ ചെറിയ മനുഷ്യരോട് പണ്ടേ ഇതാരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതായിരുന്നു.

നെഹ്‌റു കുടുംബം എന്ന പേരുപോലും ഇന്ന് കോണ്‍ഗ്രസുകാരുടെ മനസില്‍ നിന്ന് മാഞ്ഞു പോയിരിക്കുന്നു. പകരം ഗാന്ധി കുടുംബം എന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ക്കു പോലും താത്പര്യം. നെഹ്‌റു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ പ്രതീകവും പ്രതീക്ഷയുമായിരുന്നു. അദ്ദേഹം സ്വന്തം മകളെക്കാള്‍ രാജ്യത്തെ സ്‌നേഹിച്ചിരുന്നു. ജയില്‍ വാസത്തിനിടയില്‍ അദ്ദേഹം സ്വന്തം മകള്‍ക്ക് എഴുതിയ കത്തുകള്‍ ഇന്ത്യയിലെ ഏതൊരു പിതാവും അവരുടെ മകള്‍ക്ക് എഴുതാന്‍ കൊതിക്കുന്ന ഉള്ളടക്കത്തോടു കൂടിയതായിരുന്നു. വിശ്വചരിത്രാവലോകനം എന്ന ഗ്രന്ഥത്തിലൂടെ നെഹ്‌റു ഇന്ത്യക്കു മുമ്പില്‍ ലോകത്തിന്റെ ഗതകാല ചരിത്രം സൂക്ഷ്മമായി തുറന്നുകാട്ടി. അതുവരെ അധികമാരും കാണാതെ കിടന്നിരുന്ന ഒരു ഇന്ത്യയെ നെഹ്‌റു കണ്ടെത്തി. അതായിരുന്നു “ഡിസ്‌കവറി ഓഫ് ഇന്ത്യ” എന്ന വിശ്വോത്തര ചരിത്ര ഗ്രന്ഥം. തികഞ്ഞ മതേതര ജനാധിപത്യ വാദിയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനുമായിരുന്ന നെഹ്‌റു ഒരു പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങളില്‍ ആമഗ്നനായി. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം പേറുന്ന സാമൂഹിക പ്രതിബന്ധതയുള്ള ഒരു പറ്റം നേതാക്കന്മാരും അദ്ദേഹത്തോടൊപ്പം തോളോടു തോള്‍ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇത് പഴയ കോണ്‍ഗ്രസിന്റെ ചരിത്രം. ക്രമേണ അധികാരത്തിന്റെ കൂടപ്പിറപ്പായ അഴിമതിയും സ്വജനപക്ഷപാതവും ഭരണകക്ഷിയെ അടിമുടി ബാധിച്ചു. അകത്തു നിന്നും പുറത്തു നിന്നും വിമര്‍ശനവും പ്രതിരോധവും ഉണ്ടായി.

1950 നവംബറില്‍ തുടക്കമിട്ട കോണ്‍ഗ്രസ് ജനകീയ മുന്നണി ഇത്തരമൊരു പ്രതിരോധ സംരംഭമായിരുന്നു. ആചാര്യ കൃപാലിനിയാണ് ഇതിനു നേതൃത്വം നല്‍കിയത്. നെഹ്‌റുവിന്റെ മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന അഹമ്മദ്ക്വിദായി, പി സി ഘോഷ്, ടി പ്രകാശന്‍, കെ കേളപ്പന്‍, കെ എ ദാമോദര മേനോന്‍ ഇവരൊക്കെയായിരുന്നു കോണ്‍ഗ്രസിനുള്ളിലെ ആദ്യത്തെ തിരുത്തല്‍ വാദികള്‍. കോണ്‍ഗ്രസിനെ അടിമുടി ജനാധിപത്യവത്കരിക്കുക, നേതൃത്വത്തോട് സഹകരിച്ചുകൊണ്ടു തന്നെ ഭരണത്തെയും പൊതു ജീവിതത്തെയും നന്മയിലേക്ക് നയിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ഫ്രണ്ട്എന്നറിയപ്പെട്ട ഈ ജനകീയ മുന്നണി ലക്ഷ്യമാക്കിയത്. പ്രധാനമന്തി നെഹ്‌റു ഇവര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തുകയല്ല ചെയ്തത്, മറിച്ച് അവരോട് സര്‍വാത്മനാ സഹകരിക്കുകയായിരുന്നു. എന്നാല്‍ ക്രമേണ ഇത്തരം തിരുത്തല്‍ ശക്തികള്‍ ഇല്ലാതായതിന്റെ ചരിത്രമാണ് പിന്നീടു കാണുന്നത്. തുടക്കത്തില്‍ ആദര്‍ശത്തിന്റെ പാതയില്‍ അടിയുറച്ചു നിന്നവര്‍ തന്നെ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി നേതാക്കന്മാര്‍ക്കു മുമ്പില്‍ ഭിക്ഷാംദേഹികളായി നിലയുറപ്പിക്കുന്നത് കണ്ടുകൊണ്ടാണ് നെഹ്‌റു യുഗത്തിനു തീരശ്ശീല വീണത്.

നെഹ്‌റുവിനെ കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ ഇപ്രകാരം എഴുതി. “1955ല്‍ ഭാരത രത്‌നം നല്‍കി രാഷ്ട്രം നെഹ്‌റുവിനെ ആദരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകള്‍ നെഹ്‌റുവിന് ഓണററി ബിരുദം നല്‍കി സ്വയം ബഹുമാനിതരായി”. നെഹ്‌റുവിനെ അടുത്തറിഞ്ഞ ടാഗോര്‍ അദ്ദേഹത്തെ വീണ്ടും പ്രശംസാ പുഷ്പങ്ങള്‍ കൊണ്ടുമൂടി. ടാഗോര്‍ പറഞ്ഞു, “അത്യുല്‍കൃഷ്ടമാണ് അദ്ദേഹത്തിന്റെ സ്വഭാവം. അടിയുറച്ചതാണദ്ദേഹത്തിന്റെ വിശ്വാസം. ഒരിക്കലും പരാജയപ്പെടാത്തതാണ് അദ്ദേഹത്തിന്റെ വീര്യം.” മനുഷ്യ പ്രകൃതിയിലെ ഏറ്റവും വലിയ വൈകല്യങ്ങളായ ഭയത്തിന്റെയും വെറുപ്പിന്റെയും മേല്‍ വിജയം നേടിയ മനുഷ്യന്‍ എന്നാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നെഹ്‌റുവിനെ വിശേഷിപ്പിച്ചത്.

ഭാര്യ കമലാ നെഹ്‌റു 1936ല്‍ അന്തരിച്ചു. സഹോദരിമാര്‍ വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹരി സിംഗ്. പുത്രി ഇന്ദിരാഗാന്ധി. അവരുടെ പുത്രന്‍ രാജീവ് ഗാന്ധി. ഇവര്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി. 1966 ജനുവരി 23ന് ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. അന്ന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള കാമരാജ നാടാരായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് സീനിയോരിറ്റി പരിഗണിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അന്നത്തെ ഉപപ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന മൊറാര്‍ജി ദേശായിക്കായിരുന്നെങ്കിലും ഇന്ദിരാ ഗാന്ധി ആ സ്ഥാനം കൈവശപ്പെടുത്തി.
1972 ജൂണ്‍ 12ന് അലഹാബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കുക മാത്രമല്ല ആറ് വര്‍ഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം വഹിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു രാജ്യവ്യാപകമായ പ്രക്ഷോഭം തുടങ്ങി. അതേ ദിവസം രാത്രി 11.45ന് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദ് ഒപ്പുവെച്ചു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായി പത്രങ്ങള്‍ക്കുമേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്‌പെയി, എല്‍ കെ അദ്വാനി, ചരണ്‍സിംഗ്, അശോകമേത്ത് തുടങ്ങിയ നേതാക്കളെ യാതൊരു മുന്നറിയിപ്പും കൂടാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒരു മാസം പിന്നിട്ടപ്പോള്‍ ആര്‍ എസ് എസ്, നക്‌സലൈറ്റ് അനുഭാവ കക്ഷികള്‍, ആനന്ദമാര്‍ഗ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങി 27 സംഘടനകളെയും കക്ഷികളെയും ഇന്ത്യ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധനമേര്‍പ്പെടുത്തി. ഇന്ദിരാ ഗാന്ധിയുടെ രോഷത്തിനിരയായി ജയിലിലടക്കപ്പെട്ട കേരള നേതാക്കളുടെ പേരുവിവരം പുതിയ തലമുറയുടെ അറിവിലേക്കായി ഇവിടെ പകര്‍ത്തുന്നു. ഇ എം എസ്, എ കെ ജി, എം പി മന്മഥന്‍, ഒ രാജഗോപാല്‍, അരങ്ങില്‍ ശ്രീധരന്‍, കെ ഗോപാലന്‍, എം കമലം, പി എം അബൂബക്കര്‍, സി എച്ച് ഇബ്‌റാഹിം, ചെറിയ മമ്മുക്കോയി.. തീര്‍ന്നില്ല. ഇവരുടെ അനുയായികളായി താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലഴികള്‍ക്കുള്ളില്‍ അടക്കപ്പെട്ടു.
നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലെത്തിയ ജനാധിപത്യ സംരക്ഷണം ഇങ്ങനെ മുന്നോട്ടു പോയി. ഇതിനിടയില്‍ ഇന്ദിരാ ഗാന്ധിക്ക് തന്റെ പാര്‍ശ്വവൃത്തികളായ സ്തുതി പാഠകരില്‍ വിശ്വാസം പാടെ നഷ്ടപ്പെട്ടു. എല്ലാ പ്രതീക്ഷയും മകന്‍ സഞ്ജയ് ഗാന്ധിയില്‍ അര്‍പ്പിച്ചു. പക്ഷേ, വിധി അത്തരം പ്രതീക്ഷകളെ നിഷ്ഫലമാക്കി.

1984 ഒക്‌ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി ന്യൂഡല്‍ഹിയിലെ സ്വവസതിയില്‍ സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന പേരില്‍ സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖുകാരെ അവിടുന്നു തുടച്ചു നീക്കുന്നതിന് പ്രധാനമന്ത്രി എന്ന നിലയില്‍ നേതൃത്വം കൊടുത്ത പട്ടാള നടപടികള്‍ക്കെതിരായ പ്രതികാരമായിരുന്നു ഈ കൊലപാതകം. അതോടെ രണ്ട് ഘട്ടങ്ങളിലായി 16 വര്‍ഷം ദീര്‍ഘിച്ച ഇന്ദിരാ വാഴ്ചക്ക് തിരശ്ശീല വീണു. പക്ഷേ, കുടുംബവാഴ്ച എന്ന കോണ്‍ഗ്രസ് ദൗര്‍ബല്യം പൂര്‍വാധികം ശക്തിപ്രാപിച്ചു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അതേ ദിവസം തന്നെ അവരുടെ രണ്ടാമത്തെ പുത്രന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിഖുവിരുദ്ധ ലഹള പൊട്ടിപ്പുറപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലായി നിരപരാധികളായ അയ്യായിരത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടു. അന്ന് പ്രധാനമന്ത്രി പദം വഹിച്ചിരുന്ന ഇന്ദിരാ പുത്രന്‍ രാജീവ് ഗാന്ധി പറഞ്ഞത്, വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ചുറ്റുമുള്ള ചെറുമരങ്ങള്‍ വീഴുന്നത് സ്വാഭാവികം എന്നായിരുന്നു. അമ്മയുടെ അതേ ഗതി തന്നെ മകനും സംഭവിച്ചു. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധി ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ ടി ടിയിലെ അംഗം തനു എന്ന യുവതിയാണ് സ്വശരീരത്തില്‍ ബോംബ് കെട്ടിവെച്ച് സ്‌ഫോടനം നടത്തിയത്. ശ്രീലങ്കയുമായി ഒപ്പുവെച്ച കരാറനുസരിച്ച് ഇന്ത്യന്‍ സമാധാന സംരക്ഷണ സേനയെ അങ്ങോട്ടു നിയോഗിച്ചതിന് എതിരായ പ്രതിഷേധമായിരുന്നു ഈ ദാരുണവധത്തിനു കാരണം. ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയിലെ തമിഴ് ജനതയുടെ ജീവിതത്തില്‍ വരുത്തിവെച്ച ആഴമുള്ള മുറിവുകള്‍ ഉണങ്ങാതെ ബാക്കി നില്‍ക്കുന്നു എന്നുള്ള നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പുറത്തുവന്നു. നേരത്തെ തന്നെ ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്ന് വിഘടിച്ചു നിന്നിരുന്ന തമിഴ്മക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബഹുദൂരം അകലാനും ഇതു കാരണമായി.

ഒരേ കുടുംബത്തിലെ അമ്മയും മകനും തീവ്രവാദികളാല്‍ കൊല്ലപ്പെട്ടതോടെ ആ കുടുംബത്തിനാകെ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ഒരു രക്തസാക്ഷി പരിവേഷം പകര്‍ന്നുകിട്ടി. ജനത്തിന്റെ ഈ വൈകാരിക ദൗര്‍ബല്യത്തെ ഒരു വോട്ടുബേങ്കാക്കി മാറ്റാനുള്ള പരിശ്രമം രാജ്യത്തെവിടെയുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തി.

നിരവധി നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, നേതൃത്വം ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ എല്ലാ നേതാക്കളും ആഗ്രഹിച്ചു. അവര്‍ എല്ലാ ഉത്തരവാദിത്വവും ഒരു കുടുംബത്തിന്റെ തലയില്‍ വെച്ചുകൊടുത്ത് സ്വന്തം തടി രക്ഷിക്കാന്‍ വെപ്രാളപ്പെട്ടു. ജന മനസുകളില്‍ നെഹ്‌റുവിനും ഗാന്ധിക്കുമുണ്ടായിരുന്ന സമുന്നതമായ സ്ഥാനം അവസരവാദികളായ നേതാക്കന്മാര്‍ തന്ത്രപൂര്‍വം പ്രയോജനപ്പെടുത്തി. പരാജയം മണത്തപ്പോള്‍ പലരും എതിര്‍ പാര്‍ട്ടികളിലേക്ക് ചേക്കേറി. കണ്ണൂരിലെ അബ്ദുല്ലക്കുട്ടി ഈ കാര്യത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മോദി സ്തുതിപാടി സി പി എം വിട്ട അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലേക്ക് വരവേല്‍ക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് അന്ന് യാതൊരു മടിയും ഉണ്ടായില്ല. ഇനി ആരൊക്കെയാണ് ഈ കുട്ടിയുടെ മാതൃക പിന്തുടരുക എന്ന് കാത്തിരുന്നു കാണേണ്ടിവരും.

നെഹ്‌റു കുടുംബത്തെ മാതൃകയാക്കി അധികാരം തങ്ങള്‍ക്കു മാത്രമല്ല തങ്ങളുടെ മക്കള്‍ക്കും ഉറപ്പിക്കുക എന്ന ലക്ഷ്യം ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലെയും വൃദ്ധനേതൃത്വങ്ങളെ ബാധിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിലെ കുടുംബ വാഴ്ചക്ക് അനുകൂലമായി മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം മറ്റൊന്നാകാന്‍ ഇടയില്ല. രാഹുല്‍ ഗാന്ധി ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് അദ്ദേഹം പറയുന്നത്, നിങ്ങള്‍ മറ്റൊരു നേതാവിനെ കണ്ടെത്തുക. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബി ജെ പി മുദ്രാവാക്യം കുടുംബവാഴ്ചമുക്ത കോണ്‍ഗ്രസ് എന്ന് പരിവര്‍ത്തനപ്പെടുത്തുക. അത് മാത്രമായിരിക്കും കോണ്‍ഗ്രസിന് വരും കാലത്ത് ബി ജെ പിയുടെ മറ്റൊരു ദേശീയ ബദലാകാനുള്ള സാധ്യതകള്‍ തുറന്നു കൊടുക്കുക.
(9446268581)

---- facebook comment plugin here -----

Latest