Connect with us

National

വിഖ്യാത ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു

Published

|

Last Updated

ബെംഗളുരു: ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം.

പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനുമായിരുന്നു. പദ്മഭൂഷണ്‍ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാഥേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്.വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958ല്‍ ബിരുദം നേടി. 1960മുതല്‍ 63വരെ ഓക്‌സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്‌സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ ബിരുദം നേടിയത്. 1963ല്‍ ഓക്‌സ്‌ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്‌സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു.

നാലു പതിറ്റാണ്ടുകളായി നാടകങ്ങള്‍ രചിക്കുന്ന ഗിരീഷ് കര്‍ണാട് മിക്കപ്പൊഴും ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നു. സിനിമാലോകത്തും ഗിരീഷ് കര്‍ണാട് സജീവമാണ്. ഒരു നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തും അദ്ദേഹത്തിനു പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഗിരീഷ് കര്‍ണാടിനു സമ്മാനിച്ചു.

ആദ്യനാടകം യയാതി ഇംഗ്ലണ്ടില്‍ വെച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. (1970-72). സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടര്‍ന്ന് ഹിന്ദി സിനിമാവേദിയില്‍ ബെനഗലിനോടൊപ്പം പ്രവര്‍ത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

ശശികപൂറിനുവേണ്ടി ഉത്സവ് എന്ന പേരില്‍ വമ്പിച്ച മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (197678) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിന്‍തുടര്‍ന്നു. അകിര കുറൊസാവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒംദാനൊംദു കാലദല്ലി എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ചിത്രവും നിര്‍മ്മിക്കുകയുണ്ടായി. സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം തിരക്കഥയെഴുതുകയും ചെയ്തു.

Latest