കത്‌വ കേസ്: സഞ്ജി റാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മറ്റുള്ളവര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ്

Posted on: June 10, 2019 11:40 am | Last updated: June 11, 2019 at 10:03 am

പഠാന്‍കോട്ട്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ കത്‌വ
കൂട്ടബലാത്സംഗക്കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം. മറ്റ് മൂന്നുപേര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ് ലഭിച്ചു. മുഖ്യപ്രതി സഞ്ജി റാം, പര്‍വേശ് കുമാര്‍, ദീപക് കജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. ആനന്ദ് മേത്ത, സുരേന്ദര്‍ വര്‍മ, തിലക്‌രാജ് എന്നിവര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവ് ലഭിച്ചു. പഠാന്‍കോട്ട് പ്രത്യേക കോടതിയുടെതാണ് വിധി. നേരത്തെ കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഇയാളെ വെറുതെവിട്ടത്.

കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റു ഏഴ് പ്രതികളുടെ വിധിയാണ് കോടതി ഇന്ന് പ്രഖ്യാപിച്ചത്.

കേസിലെ മുഖ്യപ്രതി സഞ്ജി റാം

ജമ്മു കാശ്മീരിലെ കത് വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു. 2018 ജനുവരി പത്തിന് ജമ്മുകശ്മീരിലെ കത്‌വ ഗ്രാമത്തില്‍ ആടിനെ മേയ്ക്കാന്‍ പോയ നാടോടി സംഘത്തില്‍പെട്ട പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് എട്ടുവയസ്സുകാരിയുടെ അന്ത്യം. എട്ട് പേരടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ പാര്‍പ്പിച്ച് കുട്ടിയെ ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. പോലീസുകാര്‍ വരെ പ്രതികളിലുണ്ട്.

നാടോടി വിഭാഗമായ ബഖര്‍വാള്‍ മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു ക്രൂരമായ കൊലപാതകത്തിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവം കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരുന്നു.