നാട്ടുപഴമയിൽ നനഞ്ഞുകുതിർന്ന്…

ജനിച്ച നാടിന്റെ ചരിത്രവും കഥയും നാട്ടുപരദേവതകളും പിന്നീട് വളർന്ന രാഷ്ട്രീയപരദേവതകളും എല്ലാം നിറഞ്ഞ രചന. പ്രതിഷ്ഠ നേടിയ എഴുത്തുകാരനല്ലാത്തതിനാൽ എഴുത്തിന്റെ വ്യാകരണത്തിൽ കെട്ടിയിടാത്ത പി വി കുട്ടന്റെ പേന, നമ്മൾ ഇതിനകം ശവപ്പെട്ടിയിലടച്ച അതിസുന്ദരമായ ധാരാളം നാട്ടുമൊഴികൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുന്നു.
അതിഥി വായന: പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്- പി വി കുട്ടൻ
Posted on: June 9, 2019 1:06 pm | Last updated: June 11, 2019 at 1:13 pm

ഞങ്ങൾ മലബാറുകാരുടെ ഗുരുനാഥൻ (ഈ പ്രയോഗം അൽപ്പം സങ്കുചിതമെങ്കിലും ക്ഷമിക്കുക) എം എൻ വിജയൻ മാഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, any step backward is a step to our emotional arena എന്ന്. അഞ്ജനപ്പുഴ എന്ന ഗ്രാമത്തിന്റെ പഴംകഥകളുടെ പടവുകളിലേക്ക് സ്വയം ഇറങ്ങിപ്പോയ പി വി കുട്ടൻ ഏതേത് വൈകാരികാനുഭവങ്ങളിലൂടെയായിരിക്കാം നടന്നുപോയിട്ടുണ്ടാകുക എന്ന് ആലോചിക്കാൻ എം എൻ വിജയന്റെ മാന്ത്രികവചനം എനിക്ക് ഒരു താക്കോലായി.

“പടവിറങ്ങി അഞ്ജനപ്പുഴയിലേക്ക്’ എന്ന് കുട്ടൻ പേരിട്ട ഓർമയുടെ പുസ്തകം സമ്മാനിക്കുന്ന കൗതുകങ്ങൾക്ക് കണക്കില്ല. നഷ്ടക്കണക്കിലേക്ക് ചരിത്രം ചേർത്തുവെച്ച ചിത്രങ്ങളുടെ ഘോഷയാത്രയാണീ ഗ്രന്ഥം. കണ്ണൂർ ജില്ലയിലെ അതീവ മനോഹരമായ ഒരു ഗ്രാമം. അതിന്റെ പേരു തന്നെ സ്വപ്‌നതുല്യമാണ്. അഞ്ജനപ്പുഴ. ആ പേരിൽ ഒരു പുഴയും ഒഴുകുന്ന നാട്. ടാറിട്ട ഒരു റോഡ് പോലുമില്ലാത്ത കാലത്തു നിന്നും കുട്ടന്റെ ഓർമകൾ അടർന്നു വീണു പിടയുന്നത് നമ്മുടെ കൂടി അനുഭവങ്ങളിലേക്ക്. 40 വയസ്സെങ്കിലുമുള്ള ഓരോ വ്യക്തിക്കും രുചി തികട്ടിക്കുന്ന രചന. കുട്ടന്റെ പ്രായത്തിനൊപ്പം വളരുന്ന അധ്യായങ്ങളാണീ പുസ്തകത്തിൽ.

കുട്ടിക്കാലത്ത് ഒരു സ്വാദിഷ്ട ഭക്ഷണം കിട്ടുന്നത് പോലും എത്ര വലിയ അനുഭവമാണ്. അതിന് വേണ്ടി എത്ര കൊതിച്ചിരുന്നിട്ടുണ്ട്. ഒരു കഷ്ണം വെല്ലവും തേങ്ങാപ്പൂളും കിട്ടാൻ കാലുകഴച്ചു എത്ര കാത്തുനിന്നിട്ടുണ്ട്! ഇരുൾ നിഴൽ വീണ നാട്ടുപാതകളിലും തൊടികളിലും എത്ര വാഴയിലകളും തെങ്ങോലകളും കാളികൂളിരൂപങ്ങളായി ഉടുപ്പിൽ മൂത്രമൊഴിപ്പിച്ചിട്ടുണ്ട്..! എത്ര സിനിമാ നോട്ടീസുകൾക്കായി ചെമ്മൺപാതയിലൂടെ കിതച്ചോടിയിട്ടുണ്ട്! എല്ലാം, എല്ലാം കുട്ടന്റെ പുസ്തകത്തിലുണ്ട്.

ജനിച്ച നാടിന്റെ ചരിത്രവും കഥയും നാട്ടുപരദേവതകളും പിന്നീട് വളർന്ന രാഷ്ട്രീയപരദേവതകളും എല്ലാം നിറഞ്ഞ രചന. പ്രതിഷ്ഠ നേടിയ എഴുത്തുകാരനല്ലാത്തതിനാൽ എഴുത്തിന്റെ വ്യാകരണത്തിൽ കെട്ടിയിടാത്ത കുട്ടന്റെ പേന, നമ്മൾ ഇതിനകം ശവപ്പെട്ടിയിലടച്ച അതിസുന്ദരമായ ധാരാളം നാട്ടുമൊഴികൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുന്നു. എന്നെ ഏറ്റവും ആകർഷിച്ച ഒന്നാണിത്. ചിമ്മിനിക്കൂട്, മലക്കുത്തം, ഏളിക്കൽ… ഇങ്ങനെ എത്രയോ.
ചില ഓർമകൾ കുട്ടനെ ഇപ്പൊഴും മഥിക്കുന്നു. ചില വേർപാടുകൾ… കളിക്കൂട്ടുകാരനായിരുന്ന തമിഴൻ പയ്യൻ കറുപ്പസ്വാമി, കോളജ് സഹപാഠിയായിരുന്ന ജിത്തു. ചില പ്രണയങ്ങൾ കുട്ടനെ ഇപ്പോഴും പഞ്ചസാരമധുരമാക്കുന്നു. അനായാസ നർമത്തോടെ, നൊമ്പരത്തിന്റെ നനവോടെ ഇതെല്ലാം നമ്മിലും പകർത്താൻ കുട്ടന്റെ അനായാസ രചനക്ക് കഴിയുന്നു. ദൃശ്യമാധ്യമപ്രവർത്തകനായ കുട്ടന് എഴുത്തിലും ഭാവിയുണ്ട് എന്ന് ചുരുക്കം.

എന്നാലെന്നെ, ചരിത്രത്തിന്റെ കിടുകിടുപ്പൻ ഊഷ്മാവിലേക്ക് എടുത്തെറിഞ്ഞ ഒരധ്യായം എഴുതിയതിന് കുട്ടന് നന്ദി. ഒരു പക്ഷേ അതെഴുതാതെ ഈ നാട്ടുപഴമ പൂർണമാകില്ല. അഞ്ജനപ്പുഴ ഉൾപ്പെടുന്ന കുറ്റൂരിന്റെ സമരചരിത്രം. കുറ്റൂരിന്റെ വീരകഥയിലെ നായകരായ രണ്ട് രാമൻമാർ.

വേങ്ങയിൽ നായനാർമാരുടെ ജന്മിത്തത്തിനെതിരെ പോരാടിയ വീരൻമാർ. ഒരു രാമൻ കൊല്ലപ്പെട്ടു. മറ്റൊരു രാമൻ ചതിയിൽ കുരുങ്ങി കണ്ണൂർ സെൻട്രൽ ജയിലിലായി. ശിക്ഷ കഴിഞ്ഞ് പുറത്തു വരും മുമ്പ്, കാലിന്റെ ഞരമ്പുകൾ മുറിച്ച് മുടന്തനാക്കപ്പെട്ട രാമൻ… ചരിത്രം ഒരു സിന്ദൂരപ്പൊട്ടുപോൽ ജ്വലിക്കുന്നുണ്ട് കുറ്റൂരിൽ. രാമന്റെ കഥ, സി വി ബാലകൃഷ്ണൻ മനോഹരമായ നോവലാക്കിയതും ചരിത്രം. ഗ്രാൻമ ബുക്‌സ് ആണ് പ്രസാധകർ.
.